Hivision Channel

‘താൻ പറഞ്ഞത് പാര്‍ട്ടിക്ക് ബോധ്യമായിട്ടുണ്ട്, ശോഭക്കെതിരെ നിയമ നടപടി’, വിവാദങ്ങളിൽ മാധ്യമങ്ങളെ പഴിച്ചും ഇപി

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച്  ഇപി ജയരാജൻ. താൻ നൽകിയ വിശദീകരണം പാര്‍ട്ടിക്ക്  ബോധ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഇപി മാധ്യമങ്ങളെയും വിമര്‍ശിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടില്ല. താൻ ബിജെപിയിൽ ചേരാൻ ചര്‍ച്ച നടത്തിയെന്ന ആരോപണത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകും. വിവാദങ്ങൾ മീഡിയയാണ് ഉണ്ടാക്കിയത്. ഇതൊന്നും ആരോപണങ്ങളല്ല. ഫ്രോഡാണ്. വ്യാജവാര്‍ത്തകളാണ് ഞാനുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. ഇതിൽ രാഷ്ട്രീയമുണ്ട്. ഇതിന്റെ അടിസ്ഥാനം സാമ്പത്തികമാണ്. അത്തരത്തിൽ മാധ്യമങ്ങൾ മാറരുത്. മാധ്യമങ്ങൾ കൊത്തിവലിച്ചാൽ തീരുന്നയാളല്ല ഞാൻ. പാര്‍ട്ടിക്ക് മാത്രമല്ല, മാധ്യമങ്ങളെ കുറിച്ച് ജനങ്ങൾക്കും നല്ല ബോധ്യമുണ്ടെന്ന് ഇപി പ്രതികരിച്ചു. ഇപി -ജാവദേക്കര്‍ വിവാദത്തിൽ ഇപിയെ സംരക്ഷിക്കുകയാണ് സിപിഎം. ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എൽഡിഎഫ് കൺവീനർ കൂടിയായ ജയരാജന് നിർദ്ദേശം നൽകിയത്. ജയരാജന്റെ വിശദീകരണം കേട്ടതിന് ശേഷമായിരുന്നു നിര്‍ദ്ദേശം. ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തന്നെ തുടരും. ദല്ലാൾ നന്ദകുമാറുമായുളള ബന്ധം നേരത്ത ഉപേക്ഷിച്ചെന്ന് ഇപി പാർട്ടിയെ അറിയിച്ചു. ഇപ്പോൾ നടന്നത് വലിയ ഗൂഢാലോചനയാണ്. ഇടതുമുന്നണിയെ ആക്രമിക്കാനായിരുന്നു ലക്ഷ്യം. ജാവ്ദേക്കറെ കണ്ടതിൾ പ്രത്യേകിച്ച് ഒന്നുമില്ല. ചില മാധ്യമങ്ങളും ഗൂഡാലോചനയിൽ പങ്കെടുത്തുവെന്നും ഇപി പാര്‍ട്ടിയോഗത്തിൽ വിശദീകരിച്ചു. മറ്റ് നേതാക്കളും ഇപിക്കെതിരെ പാർട്ടി യോഗത്തിൽ സംസാരിച്ചില്ല. 

Leave a Comment

Your email address will not be published. Required fields are marked *