
കണ്ണൂരില്‍ ഓടുന്ന കാറിന് തീ പിടിച്ച് ഗര്‍ഭിണിയടക്കം രണ്ട് പേര്‍ വെന്തുമരിച്ചു. കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്.

കണ്ണൂര്‍ നഗരത്തില്‍ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗര്‍ഭിണിയായ യുവതിയും കാറോടിച്ച ഭര്‍ത്താവും മുന്‍ സീറ്റുകളിലും മറ്റ് നാല് പേര്‍ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാര്‍ ഡോര്‍ ജാമായതിനാല്‍ മുന്‍ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും രക്ഷപ്പെടാനായില്ല.
മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം ഇവരെ അറിയിച്ചത്. എന്നാല്‍ ഡോര്‍ ജാമായതിനാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാനായില്ല. തീ പടരുന്നതിനിടെ ഡ്രൈവര്‍, പുറകിലെ ഡോര്‍ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേര്‍ രക്ഷപ്പെട്ടത്. എന്നാല്‍ മുന്‍ വശത്തെ ഡോര്‍ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതല്‍ പടര്‍ന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു.