Hivision Channel

സംസ്ഥാനതല ഖാദി എക്സ്പോയ്ക്ക് കണ്ണൂരില്‍ തുടക്കമായി

കേന്ദ്ര ഖാദി കമ്മീഷനും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും സംയുക്തമായി കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഖാദി ഗ്രാമ വ്യവസായ പ്രദര്‍ശന വിപണന മേള ‘ഖാദി എക്സ്പോ 2023’ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ രംഗത്തുള്ളവരോട് ഖാദി ഉല്‍പ്പന്നങ്ങള്‍ ധരിക്കാന്‍ ആവശ്യപ്പെട്ട് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ സര്‍ക്കുലര്‍ ഇറക്കിയതായി അദ്ദേഹം പറഞ്ഞു. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമായി ഖാദി കോട്ട് നിര്‍മ്മിച്ചു വിതരണം ചെയ്തുവരുന്നു. സംസ്ഥാന ജീവനക്കാര്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ ഖാദിയോട് അനുഭാവ പൂര്‍ണമായ സമീപനമാണ് കാണിക്കുന്നത്. 99 ശതമാനവും സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഖാദി മേഖലയില്‍ വൈവിധ്യവത്കരണത്തിലൂടെ, ഗുണനിലാവരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കി പുതിയ ഫാഷന്‍ സ്വീകരിച്ച് മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഖാദി തൊഴിലാളികളുടെ കൂലി കുടിശ്ശിക വിതരണം ചെയ്യാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 19 വരെ നീണ്ടുനില്‍ക്കുന്ന ഖാദി എക്സ്പോയില്‍ കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും വിദഗ്ധ നെയ്ത്തുകാരുടെ കരവിരുതില്‍ രൂപകല്‍പന ചെയ്ത കോട്ടണ്‍, സില്‍ക്ക്, വൂളന്‍ ഖാദി വസ്ത്രങ്ങളും ഗ്രാമീണതയുടെ തെളിമയും മേന്‍മയും ഗുണവും കൂടിച്ചേരുന്ന ഗ്രാമവ്യവസായ ഉല്‍പന്നങ്ങളും ലഭിക്കും. മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് സ്പെഷല്‍ റിബേറ്റ് ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *