Hivision Channel

ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമെന്ന് മുഖ്യമന്ത്രി

ശബരിമല വിമാനത്താവളത്തിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമെന്ന് മുഖ്യമന്ത്രി. 2268.13 ഏക്കറുള്ള ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി ഉദ്ദേശിക്കുന്നത്. വ്യോമയാന മന്ത്രാലയം അനുമതി നല്‍കണമെങ്കില്‍ 3500 മീറ്ററുള്ള റണ്‍വേ വേണമെന്നും അതിന് അനുയോജ്യമായ പ്രദേശം ചെറുവള്ളി എസ്റ്റേറ്റ് മാത്രമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. റണ്‍വേക്കായി 307 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കേണ്ടി വരുമെന്നും ഇതിനായി ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് സ്ഥലം ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ചെറുവള്ളിയില്‍ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡര്‍ വിമാനത്താവളം എന്ന ആശയത്തില്‍ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യാന്തര വിമാനത്താവളമായി മാറിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേയാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയില്‍ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്ററാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് പുറമെ സിംഗപ്പൂര്‍, മലേഷ്യ, നേപ്പാള്‍ തുങ്ങിയ രാജ്യങ്ങളില്‍ നിന്നും ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് യാത്ര എളുപ്പമാകും.

വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ ശബരിമലയിലേക്ക് എത്തുന്ന വിദേശ തീര്‍ത്ഥാടകരുടെ എണ്ണം കൂടുമെന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കുന്ന 40 ശതമാനം ആളുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 60 ശതമാനം ആളുകളും നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ 30 കിലോ മീറ്റര്‍ ചുറ്റളവില്‍ നിന്നുള്ളവരാണെന്നതും വിമാനത്താവളത്തിന്റെ സാധ്യത വര്‍ദ്ദിപ്പിക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പ്രവാസികള്‍ക്കാണ് വിമാനത്താവളം ഗുണം ചെയ്യുക.

Leave a Comment

Your email address will not be published. Required fields are marked *