Hivision Channel

കൊലക്കേസുകളില്‍ വിചാരണ നീളുന്നു; കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് കൊലപാതക കേസുകളില്‍ വിചാരണ നീണ്ടുപോകുന്നതായി കേരളാ ഹൈക്കോടതി . വിചാരണ പൂര്‍ത്തിയാകാത്ത കേസുകളുടെ എണ്ണപ്പെരുപ്പവും, വിചാരണ നീളുന്നത് കൊലക്കേസുകളില്‍ സാക്ഷികള്‍ കൂറുമാറുന്നതിന് കാരണമാകുന്നുവെന്ന വിലയിരുത്തലുമാണ് ഹൈക്കോടതിയുടെ ഉത്കണ്ഠയ്ക്ക് പിന്നില്‍.

ഈ സാഹചര്യത്തില്‍ കൊലക്കേസുകള്‍ സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കുന്നതിന് ഹൈക്കോടതി കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു. തിരുവനന്തപുരത്ത് 2 കോടതികളും തൃശ്ശൂര്‍, കൊല്ലം തലശേരി എന്നിവിടങ്ങളില്‍ ഓരോ കോടതികളും കൊലപാതക കേസ് മാത്രം പരിഗണിക്കണമെന്ന് ഈ കര്‍മ്മ പദ്ധതിയില്‍ നിര്‍ദ്ദേശിക്കുന്നു. ഈ കോടതികള്‍ മാസം അഞ്ച് കൊലക്കേസുകള്‍ വീതം തീര്‍പ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അഡീഷണല്‍ സെഷന്‍സ് കോടതികള്‍ അവധി കാലത്തും കേസുകള്‍ തീര്‍പ്പാക്കണമെന്നും മാര്‍ച്ച് 31 ന് മുന്‍പ് കുറ്റപത്രം നല്‍കിയ കേസുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ആവശ്യമായ ക്രമീകരണം കോടതികളില്‍ ഇന്ന് തന്നെ ഉണ്ടാക്കി ഹൈക്കോടതിയെ വിവരം അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിമാരോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി കത്തയച്ചു.

Leave a Comment

Your email address will not be published. Required fields are marked *