Hivision Channel

ആദിത്യ എല്‍ 1; ഒന്നാം ഭ്രമണപഥം ഉയര്‍ത്തല്‍ ഇന്ന്

സൂര്യനിലെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1-ന്റെ ആദ്യത്തെ ഭ്രമണപഥം ഉയര്‍ത്തല്‍ ഇന്ന് നടക്കും. ഇന്ന് രാവിലെ 11.45-നാണ് ആദ്യ ഭ്രമണപഥം ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂമിയോട് ഏറ്റവും അടുത്തുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ നിന്ന് ദീര്‍ഘവൃത്താകൃതിയിലുള്ള അടുത്ത ഭ്രമണപഥത്തിലേക്ക് പേടകത്തെ ഉയര്‍ത്താനാണ് ഐഎസ്ആര്‍ഒ ഇന്ന് ലക്ഷ്യമിടുന്നത്. ഇവ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, അടുത്ത ഘട്ട ഭ്രമണപഥം ഉയര്‍ത്തലിനുള്ള നടപടികള്‍ക്ക് തുടക്കമിടും. 16 ദിവസമായിരിക്കും പേടകം ഭൂമിയുടെ ഭ്രമണ പഥത്തില്‍ തുടരുക.

സെപ്റ്റംബര്‍ 2-ന് രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ആദിത്യ എല്‍ 1 വിക്ഷേപിച്ചത്. 5 തവണ ഭ്രമണപഥം ഉയര്‍ത്തുന്നത് പൂര്‍ത്തിയാക്കിയാല്‍, 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് ആദിത്യ ഒന്നാം ലെഗ്രാജിയന്‍ പോയിന്റിന് ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തില്‍ എത്തുന്നതാണ്. ഏകദേശം 125 ദിവസം നീളുന്ന യാത്രയ്ക്ക് ശേഷമാണ് പേടകം ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുക. സൗരവാതങ്ങള്‍, കാന്തിക ക്ഷേത്രം, പ്ലാസ്മ പ്രവാഹം, കൊറോണല്‍ മാസ് ഇഞ്ചക്ഷന്‍ തുടങ്ങിയ സൗര പ്രതിഭാസങ്ങളെ കുറിച്ചാണ് ആദിത്യ എല്‍ 1 പ്രധാനമായും പഠനങ്ങള്‍ നടത്തുക.

Leave a Comment

Your email address will not be published. Required fields are marked *