Hivision Channel

അഞ്ചരക്കണ്ടി പുഴയില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഇന്ന്

ഉത്തരമലബാറില്‍ ആദ്യമായി അഞ്ചരക്കണ്ടി പുഴയില്‍ സംസ്ഥാന ടൂറിസം വകുപ്പ് ഐ പി എല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സി ബി എല്‍) ഇന്ന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുഴപ്പിലങ്ങാട് കടവില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. ഉച്ചക്ക് 2.30ന് മന്ത്രി മത്സരങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഉദ്ഘാടനത്തിന് ശേഷം ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറും. വൈകീട്ട് അഞ്ചിന് സമ്മാനദാനം നടക്കും.
ചുരുളന്‍ വള്ളങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജലോത്സവം അഞ്ചരക്കണ്ടി പുഴയില്‍ മമ്മാക്കുന്ന് പാലം മുതല്‍ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്താണ് നടക്കുക. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള, 60 അടി നീളമുള്ള 14 ചുരുളന്‍ വളങ്ങളാണ് പങ്കെടുക്കുക. കണ്ണൂരില്‍ നിന്ന് രണ്ടും കാസര്‍കോടില്‍ നിന്നും 12 ഉം ടീമുകളാണുള്ളത്. ഒരു വള്ളത്തില്‍ 30 തുഴച്ചിലുകാര്‍ ഉണ്ടായിരിക്കും. നാല് ഹീറ്റ്‌സ് മത്സരങ്ങളും അതില്‍ നിന്ന് സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും നടക്കും. 20 ലക്ഷം രൂപയാണ് മൊത്തം സമ്മാനത്തുക. ജേതാക്കള്‍ക്ക് ഒന്നരലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയുമാണ് സമ്മാനത്തുക. ജേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ഒന്നേകാല്‍ ലക്ഷം രൂപ ബോണസായും നല്‍കും.
വയല്‍ക്കര മയ്യിച്ച, എകെജി മയ്യിച്ച, ശ്രീ വിഷ്ണുമൂര്‍ത്തി കുറ്റിവയല്‍, ശ്രീ വയല്‍ക്കര വെങ്ങാട്ട്, ഇഎംഎസ് മുഴക്കീല്‍, റെഡ്സ്റ്റാര്‍ കാര്യങ്കോട്, പാലിച്ചോന്‍ അച്ചാംതുരുത്തി എ ടീം, പാലിച്ചോന്‍ അച്ചാംതുരുത്തി ബി ടീം, എ കെ ജി പൊടോത്തുരുത്തി എ ടീം, എ കെ ജി പൊടോത്തുരുത്തി ബി ടീം, കൃഷ്ണപിള്ള കാവുംചിറ എ ടീം, കൃഷ്ണപിള്ള കാവുംചിറ ബി ടീം, നവോദയ മംഗലശ്ശേരി, മേലൂര്‍ സുഗുണന്‍ മാസ്റ്റര്‍ സ്മാരക ക്ലബ്ബ് എന്നിവയാണ് പങ്കെടുക്കുന്ന ടീമുകള്‍. വള്ളംകളിയുടെ ഇടവേളകളില്‍ ജലാഭ്യാസ പ്രകടനങ്ങളും നടക്കും. സി ബി എല്‍ കഴിഞ്ഞ വര്‍ഷം ചാലിയാറില്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഉത്തര മലബാറില്‍ ജലോത്സവം എത്തുന്നത്

Leave a Comment

Your email address will not be published. Required fields are marked *