Hivision Channel

ഔദ്യോഗിക വിവരങ്ങള്‍ നിരോധിത സംഘടനയ്ക്ക് ചോര്‍ത്തി; എസ്‌ഐക്ക് സസ്പെന്‍ഷന്‍

ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൈബര്‍ സെല്‍ ഗ്രേഡ് എസ്‌ഐക്ക് സസ്പെന്‍ഷന്‍. കോട്ടയം സൈബര്‍ സെല്ലിലെ ഗ്രേഡ് എസ്‌ഐ പി.എസ്.റിജുമോനെതിരെയാണ് നടപടി. നിരോധിത സംഘടനകള്‍ക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നതായി ദേശീയ അന്വേഷണ ഏജന്‍സിയാണ്(എന്‍ഐഎ) കണ്ടെത്തിയത്.

നിരോധിത സംഘടനയുടെ പ്രവര്‍ത്തകന് ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയെന്നതാണ് പിഎസ് റിജുമോനെതിരെയുള്ള കണ്ടെത്തല്‍. സംസ്ഥാനത്തിന് പുറത്തുള്ള സംഘടനയുടെ മലയാളി പ്രവര്‍ത്തകരെ ചോദ്യം ചെയ്തതില്‍ നിന്നാണ് റിജുമോനുമായുള്ള ബന്ധം എന്‍ഐഎ കണ്ടെത്തിയത്. കോട്ടയം ജില്ലാ പൊലീസ് ആസ്ഥാനത്തെ സൈബര്‍സെല്‍ ഗ്രേഡ് എസ്‌ഐ ആണ് പി.എസ് റിജുമോന്‍.

എന്‍ഐഎ സംസ്ഥാന പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം റേഞ്ച് ഡിഐജി റിജുമോനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.സംഭവത്തില്‍ എന്‍ഐഎയും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കും. സൈബര്‍ സെല്ലില്‍ ചേരുന്നതിന് മുമ്പ് കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തിന് സമീപമുള്ള ഈസ്റ്റ് സ്റ്റേഷനിലായിരുന്നു റിജുമോന്‍ ജോലി നോക്കിയിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *