
യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വില്പന നടത്താനായി കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന വയോധിക ദമ്പതികളെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.
കൊട്ടിയൂർ ചുങ്കക്കുന്ന് പൊട്ടൻതോട് സ്വദേശി പാണ്ടിമാക്കൽ വീട്ടിൽ ബാലൻ പി കെ , ഭാര്യ ശാരദ എന്നിവരാണ് മാനന്തവാടിയിൽ നിന്ന് കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ടുവന്ന നാനൂറ്റിപ്പത്ത് ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ പേരാവൂർ ചെവിടിക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കെഎസ്ആർടിസിയിൽ ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ പിടിയിലായത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം പി സജീവൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എൻ പത്മരാജൻ, പ്രിവന്റീവ് ഓഫീസർ ജയിംസ് സി എം, സിവിൽ എക്സൈസ് ഓഫിസർ ശിവദാസൻ പി എസ്, വനിത സിവിൽ എക്സൈസ് ഓഫിസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു. 2019ൽ 500 ഗ്രാം കഞ്ചാവുമായി പേരാവൂർ എക്സൈസ് പിടികൂടി റിമാൻ്റ് ചെയ്തതുൾപ്പെടെ നിരവധി കഞ്ചാവ് കേസുകളിൽ ഈ ദമ്പതികൾ പ്രതികളാണ്. ഇവരെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി.