പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളില്‍ വിമര്‍ശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സര്‍ക്കാര്‍ നിലപാടായി കാണേണ്ടതില്ല. അധ്യാപകരുടെ യോഗത്തിലേതെന്ന് പറഞ്ഞ് ഒരു ശബ്ദരേഖ പുറത്ത് വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്നത് സര്‍ക്കാര്‍ നയമല്ല. എല്ലാ കുട്ടികളേയും ഉള്‍ച്ചേര്‍ത്തു കൊണ്ടും ഉള്‍ക്കൊണ്ടു കൊണ്ടും ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അതില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. കേരള വിദ്യാഭ്യാസ മാതൃക ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്. ദേശീയ ഗുണനിലവാര സൂചികകളിലും കേരളം മുന്‍പന്തിയിലാണ്. യുണിസെഫ് പോലുള്ള രാജ്യാന്തര ഏജന്‍സികളും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിനന്ദിച്ചതാണ്. കേരള മാതൃകയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് എന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.