കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി 42-ാം വാര്‍ഡ് അംഗം മുസ് ലിഹ് മഠത്തില്‍ (ഐ യു എം എല്‍) തെരഞ്ഞടുക്കപ്പെട്ടു. അഡ്വ. ടി ഒ മോഹനന്‍ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മുസ് ലിഹ് മഠത്തില്‍ 36 വോട്ടുകള്‍ നേടി. എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍ സുകന്യക്ക് 18 വോട്ടുകള്‍ ലഭിച്ചു. നാലാം വാര്‍ഡ് അംഗം ഷൈജു ഹാജരാകാത്തതിനാല്‍ 54 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മുഖ്യവരാണാധികാരിയായി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. രാവിലെ പതിനൊന്ന് മണിയോടെയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയത്. ഉച്ചക്ക് 12 മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ചു.
തുടര്‍ന്ന് 12.15 ഓടെ മുസ് ലിഹ് മഠത്തില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സത്യപ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. മുന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ മുസ്ലിഹിനെ ഹാരമണിയിച്ചു. ഡി സി സി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുള്‍ കരീം ചേലേരി, മറ്റ് യുഡിഎഫ് നേതാക്കള്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ലിറ്റി ജോസഫ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.