Hivision Channel

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍

പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉള്‍പ്പടെ 7 വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എം എസ് സൊല്യൂഷന്‍സ് ഉടമകളുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നല്‍കിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മറ്റു സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇവയുമായി സഹകരിക്കുന്ന അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തും.

അതിനിടെ, സംഭവത്തില്‍ വിശദീകരണവുമായി സിഇഒ എം ഷുഹൈബ് രംഗത്തുവന്നു. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളുടെ പേരില്‍ പരാതി വന്നിട്ടുണ്ടെങ്കിലും ക്രൂശിക്കപ്പെടുന്നത് എം എസ് സൊല്യൂഷന്‍സ് മാത്രമാണെന്ന് ഷുഹൈബ് ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന എസ്എസ്എല്‍സി ക്രിസ്മസ് പരീക്ഷയില്‍ തങ്ങള്‍ പ്രവചിച്ച നാല് ചോദ്യങ്ങള്‍ മാത്രമാണ് വന്നത്. മറ്റ് പ്ലാറ്റ്‌ഫോമുകള്‍ പറഞ്ഞ ഭൂരിഭാഗം ചോദ്യങ്ങളും പരീക്ഷക്ക് വന്നപ്പോഴും ആരോപണം ഉയര്‍ന്നത് തങ്ങള്‍ക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും ഷുഹൈബ് വ്യക്തമാക്കി.

അതിനിടെ, ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം എം എസ് സൊല്യൂഷന്‍സുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സ്ഥാപനങ്ങളുമായി സഹകരിച്ചിരുന്ന അധ്യാപകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരില്‍ നിന്നും മൊഴിയെടുക്കാനാണ് നീക്കം. എംഎസ് സൊല്യൂഷന്‍സിലെ ക്ലാസുകളില്‍ അശ്ലീല പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി. ഫാന്‍പേജുകളില്‍ നിന്നും വീഡിയോ നീക്കിയതിനാല്‍ ഫേസ്ബുക്ക് ഉടമകളായ മെറ്റാ കമ്പനിയില്‍ നിന്നും വിശദാംശം തേടിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി.

Leave a Comment

Your email address will not be published. Required fields are marked *