Hivision Channel

റോഡുകളിൽ രണ്ടാംഘട്ടം എ.ഐ. ക്യാമറ സ്ഥാപിക്കാൻ പോലീസ്; 374 അതിതീവ്ര ബ്ലാക് സ്പോട്ടുകൾക്ക് മുന്‍ഗണന

 സംസ്ഥാനത്ത് വാഹനാപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ എ.ഐ. ക്യാമറകളുടെ രണ്ടാംഘട്ടം വരുന്നു. പോലീസാകും ഇവ സ്ഥാപിക്കുക. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ട്രാഫിക് ഐ.ജി.ക്ക് നിര്‍ദേശംനല്‍കി. എ.ഡി.ജി.പി. മനോജ് എബ്രഹാം വിളിച്ച യോഗത്തിലാണ് തീരുമാനം.

മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച 675 നിര്‍മിതബുദ്ധി ക്യാമറകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തിയിട്ടില്ലാത്ത പാതകള്‍ കേന്ദ്രീകരിച്ചാകും ഇവ വരുക. 374 അതിതീവ്ര ബ്ലാക്ക്സ്‌പോട്ടുകള്‍ക്ക് മുന്‍ഗണന നല്‍കും. എ.ഐ. ക്യാമറകളുടെ എണ്ണം കൂട്ടാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണ്‍ നല്‍കിയ ഉപകരാറുകള്‍ വിവാദമായതോടെ പദ്ധതി വിപുലീകരിക്കാനുള്ള നീക്കം മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എ.ഐ. ക്യാമറ പദ്ധതി പോലീസ് ഏറ്റെടുക്കുന്നത്.

വിവാദങ്ങളുണ്ടായെങ്കിലും ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ എ.ഐ. ക്യാമറ സംവിധാനം വിജയകരമാണെന്നാണ് വിലയിരുത്തല്‍. അപകടമരണനിരക്കില്‍ കുറവുണ്ടായി. 165 കോടിയാണ് ക്യാമറകള്‍ക്ക് ചെലവായത്. ആദ്യവര്‍ഷം പിഴയായി 78 കോടി രൂപ ലഭിച്ചു. 428 കോടി രൂപ പിഴചുമത്തിയിട്ടുണ്ട്. നോട്ടീസ് വിതരണം വൈകിയതാണ് പിഴക്കുടിശ്ശിക കൂട്ടിയത്.

മോട്ടോര്‍വാഹന വകുപ്പില്‍നിന്ന് വ്യത്യസ്തമായി പോലീസ് ഇത്തരം പദ്ധതികള്‍ നേരിട്ടാണ് നടത്തുന്നത്. സ്വന്തം ഫണ്ടില്‍നിന്നാണ് പോലീസ് ക്യാമറ സ്ഥാപിക്കാറുള്ളത്. കണ്‍ട്രോള്‍ റൂമുകളെല്ലാം നേരിട്ടാണ് നടത്തുന്നത്. മോട്ടോര്‍വാഹന നിയമപ്രകാരം ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴചുമത്താന്‍ പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും തുല്യ അധികാരമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *