ഇന്ന് ലോക ഭൗമ ദിനം. ഈ വര്‍ഷം 52-ാമത് ലോക ഭൗമ ദിനമാണ് ആചരിക്കുന്നത്. ‘പ്ലാനറ്റ് വേര്‍സസ് പ്ലാസ്റ്റിക്’ എന്നതാണ് ഇത്തവണത്തെ പ്രമേയം.
ഭൂമിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഗവേഷകര്‍ ശേഖരിച്ച മഴ വെള്ളത്തില്‍ പ്ലാസ്റ്റിക്കിന്റെ നാനോ കണങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത വലിയ ആശങ്കയോടെയാണ് ലോകം കേട്ടത്. അതെ, മഴവെള്ളം പോലും മലിനമായിരിക്കുന്നു. ഇത്തരമൊരു വര്‍ത്തമാനകാല സാഹചര്യത്തിലൂടെ കടന്ന പോകുമ്പോള്‍ മറ്റൊരു ഭൗമദിനം കൂടി കടന്നു വരികയാണ്. കരയും കടലും കടന്ന് മഴ വെള്ളത്തെ പോലും മലിനമാക്കുന്ന പ്ലാസ്റ്റികിനെതിരെയുള്ള പടയൊരുക്കത്തിന്റെ സമയം അതിക്രമിച്ചെന്ന് ശാസ്ത്രജ്ഞരും പറയുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 38 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് മനുഷ്യര്‍ ഉത്പാദിപ്പിച്ചത്. 20 -ാം നൂറ്റാണ്ടില്‍ മനുഷ്യന്‍ ഉത്പാദിപ്പിച്ച മൊത്തം പ്ലാസ്റ്റിക്കിനെക്കാള്‍ വരുമിത്. 2024 ല്‍ ആഗോളതലത്തില്‍ 22 കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉല്‍പ്പാദിപ്പിക്കുമെന്നാണ് ഏകദേശ കണക്ക്. ഇതില്‍ പതിനഞ്ച് കോടി ടണ്‍ പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗത്തിലൂടെ സംസ്‌ക്കരിച്ചാലും 7 കോടി ടണ്ണോളം പ്ലാസ്റ്റിക് മാലിന്യം സംസ്‌ക്കരിക്കപ്പെടാതെ പരിസ്ഥിതിക്ക് നാശം വിതച്ച് അവശേഷിക്കും. ഇത് ഭൂമിയിലെയും കടലിലെയും ജീവജാലങ്ങള്‍ക്ക് വലിയ ദുരതമാണ് വിതയ്ക്കുക. മനുഷ്യന്റെ അനിയന്ത്രിതമായ പ്ലാസ്റ്റിക് ഉപയോഗം ഭൂമിക്ക് ചരമഗീതം കുറിക്കുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ ഭൗമദിനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്.