Hivision Channel

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് മനഃപൂര്‍വ്വമല്ലെങ്കിലും അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദത്തില്‍ എ ഡി ജി പി ശ്രീജിത്ത് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് മനഃപൂര്‍വ്വമല്ലെങ്കിലും അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. ഭക്തരുടെ സുരക്ഷിതത്വത്തിനാണ് പ്രാധാന്യം നല്‍ക്കേണ്ടതെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. പൊലീസിന്റെ സേവനങ്ങളെ മാനിക്കുമ്പോഴും ഫോട്ടോയെടുപ്പ് ഗുരുതര വീഴ്ചയാണെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മാളികപ്പുറത്തെ തേങ്ങയുരുട്ടല്‍ ആചാരമല്ല, ആചാരമല്ലാത്ത നടപടികള്‍ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശബരിമല പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞുനിന്ന് പൊലീസുകാര്‍ വിവാദ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തില്‍ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറോട് എഡിജിപി റിപ്പോര്‍ട്ട് തേടിയിരുന്നു. തിങ്കളാഴ്ച രാവിലെ ചുമതലയൊഴിഞ്ഞ സന്നിധാനത്തെ ആദ്യ പൊലീസ് ബാച്ചില്‍ ഉള്‍പ്പെട്ട പതിനെട്ടാം പടി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന മുപ്പതോളം പൊലീസുകാര്‍ പതിനെട്ടാം പടിയില്‍ പിന്തിരിഞ്ഞ് നിന്ന് നടത്തിയ ഫോട്ടോഷൂട്ട് വിവാദമായതിനെ തുടര്‍ന്നാണ് എഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പടി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച ശേഷം പതിനെട്ടാം പടിയുടെ താഴെ മുതല്‍ വരി വരിയായി നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഈ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രചരിക്കപ്പെട്ടതോടെ ഹിന്ദു ഐക്യവേദിയും, ക്ഷേത്ര സംരക്ഷണ സമിതിയും പൊലീസ് നടത്തിയത് ആചാരലംഘനമാണെന്ന് ആരോപണവുമായി രംഗത്ത് എത്തി. ഇതിന് പിന്നാലെയാണ് സംഭവം സംബന്ധിച്ച് റിപ്പോര്‍ട്ട് എഡിജിപി ആവശ്യപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *