ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍നിന്നും ഡ്രൈവിങ് സ്‌കൂളുകാരുടെ സഹായികളെ പൂര്‍ണമായും ഒഴിവാക്കും. അംഗീകൃത പരിശീലകര്‍ പഠിതാക്കളുമായി നേരിട്ടെത്തുകയും രജിസ്റ്ററില്‍ ഒപ്പിടുകയും വേണം. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ചുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിര്‍ദേശങ്ങള്‍ ഉടന്‍ ഇറങ്ങും. ടെസ്റ്റിങ് ഗ്രൗണ്ടില്‍ അപേക്ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാകും പ്രവേശനം.
ഇരുചക്രവാഹനം സ്റ്റാര്‍ട്ടാക്കി പഠിതാക്കളെ അതില്‍ ഗ്രൗണ്ടിലേക്ക് ഉന്തിവിടുന്ന രീതി ഇനി നടക്കില്ല. ലൈസന്‍സ് എടുക്കേണ്ട വ്യക്തി വാഹനം സ്റ്റാര്‍ട്ടാക്കി ഗ്രൗണ്ടിലേക്ക് കയറ്റണം. നിലവില്‍ ഡ്രൈവിങ് സ്‌കൂളുകാരുടെ സഹായികളാണ് എച്ച്, എട്ട് ഗ്രൗണ്ടുകളിലേക്ക് കയറാന്‍ പാകത്തില്‍ വാഹനം നിര്‍ത്തിക്കൊടുക്കുന്നത്. അനുയോജ്യമായ വാഹനങ്ങള്‍ ഡ്രൈവിങ് സ്‌കൂളുകാരാണ് തിരഞ്ഞെടുക്കുന്നത്.
ടെസ്റ്റിങ് വാഹനങ്ങളിലേക്ക് ഇരട്ട നിരീക്ഷണ ക്യാമറകള്‍ വാങ്ങാനും സമിതി രൂപീകരിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വിളിച്ച യോഗത്തില്‍ തീരുമാനമായി. ഗതാഗതമന്ത്രി പ്രഖ്യാപിച്ച ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കാരങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ടെസ്റ്റ് വാഹനങ്ങളില്‍ ഡാഷ് ബോര്‍ഡ് ക്യാമറ, വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനം എന്നിവ ഉണ്ടായിരിക്കണമെന്നത്.
ഡ്രൈവിങ് ലൈസന്‍സിനുള്ള റോഡ് ടെസ്റ്റ് നേരത്തെ തന്നെ കര്‍ശനമാക്കിയിരുന്നു. റോഡ് ടെസ്റ്റ് കര്‍ശനമാക്കിയതോടെ ഡ്രൈവിങ് ലൈസന്‍സ് പരിക്ഷയിലെ വിജയശതമാനം 70-ല്‍നിന്നും 50-ലെത്തി. ദിവസം 6500 ഡ്രൈവിങ് ടെസ്റ്റുകള്‍ നടന്നിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ 1800-ല്‍ താഴെമാത്രമാണ് നടക്കുന്നത്. മൂന്നുദിവസങ്ങളിലായി ഏകദേശം 6000 ടെസ്റ്റ് നടന്നതില്‍ പകുതിപേര്‍മാത്രമാണ് വിജയിച്ചത്.
നേരത്തെ പരാജയനിരക്ക് കൂടുതലുണ്ടായിരുന്നത് ഗ്രൗണ്ട് ടെസ്റ്റ് വിഭാഗത്തില്‍പ്പെട്ട എട്ട്, എച്ച് പരിശോധനകളിലായിരുന്നു. നേരത്തെ ഒരുമിനിറ്റോളമാണ് റോഡില്‍ വാഹനം ഓടിപ്പിച്ചിരുന്നത്. ഇത് 11-12 മിനിറ്റായി ഉയര്‍ത്തിയതോടെയാണ് പരാജയനിരക്ക് കൂടിയത്. റോഡിലെ പരിശോധനയില്‍ ഇളവുനല്‍കുന്ന ഉദ്യോഗസ്ഥരെ പിടികൂടാന്‍ പ്രത്യേക സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.