Hivision Channel

കച്ചേരിക്കടവ് സ്വദേശി ബിജുനിത്ത് കുറുപ്പംപറമ്പിലില്‍ ഇന്ത്യയിലെ മികച്ച കശുവണ്ടി കര്‍ഷകന്‍

ഇരിട്ടി: കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് കാഷ്യു ആന്‍ഡ് കൊക്കോ ഡവലപ്‌മെന്റ് ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ മികച്ച കശുവണ്ടി കര്‍ഷകനുള്ള പുരസ്‌കാരം അയ്യന്‍കുന്ന് കച്ചേരിക്കടവ് സ്വദേശി ബിജുനിത്ത് കുറുപ്പംപറമ്പിലിന് ലഭിച്ചു. 14 ന് ഗോവയില്‍ രാജ്ഭവന്‍ ഹാളില്‍ ഗവര്‍ണര്‍ അവാര്‍ഡ് സമ്മാനിക്കും. 10 ഏക്കര്‍ സ്ഥലത്താണു കശുമാവ് കൃഷി ചെയ്യുന്നത്. റബര്‍, തെങ്ങ്, കമുക്, നമ്പ്യാര്‍ മാവ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കശുമാവില്‍ കുരുമുളക് കൃഷിയും വിജയകരമായി നടത്തുന്നുണ്ട്. അര നൂറ്റാണ്ടായി ഏറ്റവും പ്രധാന വിളയായി കൃഷി ചെയ്യുന്നത് കശുമാവ് ആണ്. പ്രിയങ്ക, ധന, ധനശ്രീ, വെങ്കര്‍ല 4 മാടക്കത്തറ 2 എന്നീ ഹൈബ്രിഡ് ഇനങ്ങള്‍ക്കൊപ്പം പാരമ്പര്യമായി ഉണ്ടായിരുന്ന നാടന്‍ ഇനങ്ങള്‍ സ്വന്തം നിലയില്‍ ഗ്രാഫ്റ്റാക്കി വച്ചു പിടിപ്പിച്ചും കൃഷി ചെയ്യുന്നുണ്ട്. ഇക്കണോമിക്സ് ബിരുദദാരിയാണ് ബിജുനിത്ത്. മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് കൃഷി ചെയ്യുന്നത്. ഗവേഷണ കേന്ദ്രം വകുപ്പ് മേധാവിയും പ്രഫസറുമായ ഡോ. ജലജയാണ് ബിജുവിന്റെ പേര് അവാര്‍ഡിനായി ഡയറക്ടറേറ്റ് ഓഫ് കാഷ്യു ആന്‍ഡ് കൊക്കോ ഡവലപ്‌മെന്റിന് സമര്‍പ്പിച്ചത്. സെബാസ്റ്റ്യന്‍ – ലീലാമ്മ ദമ്പതികളുടെ മക്നാണ് ബിജുനിത്ത്. ഭാര്യ: റീന കുര്യാക്കോസ്. മക്കള്‍: ബ്രൈറ്റ് ഡോണ്‍ ഡേവിഡ്, ബര്‍ണിറ്റ് ഡിയ എലിസബത്ത്, ബ്രിസ്റ്റോ ഡോണ്‍ കുരുവിള. സഹോദരങ്ങള്‍: ബിനുജിത്ത് (അയര്‍ലന്‍ഡ്), ബിന്‍സി പ്ലാത്തോട്ടം.

Leave a Comment

Your email address will not be published. Required fields are marked *