വാഹനങ്ങളിലെ രൂപമാറ്റത്തില്‍ പ്രത്യേക പരിശോധന നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയില്‍. അപകടകരമായി വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ഡ്രൈവര്‍മാരുടെ കാബിനിലിരുന്ന് വീഡിയോ എടുക്കല്‍ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. യൂട്യൂബര്‍ സഞ്ജു ടെക്കി വണ്ടിയില്‍ രൂപമാറ്റം വരുത്തിയ കേസ് പരിഗണിക്കുകയായിരുന്നു കോടതി. കേസ് 25ന് പരിഗണിക്കാനായി മാറ്റി.
അതേസമയം, സഞ്ജു ടെക്കി കേസില്‍ നടപടി സ്വീകരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്ത് നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടായി നല്‍കി. റോഡിലോടുന്ന ബസുകളടക്കം പല വാഹനങ്ങളുടെയും ബ്രേക്ക് ലൈറ്റ് വര്‍ക്കിംഗ് അല്ലെന്നും നടപടി സ്വീകരിക്കണമെന്നും കോടതി സര്‍ക്കാരിനെ അറിയിച്ചു. പല കോളേജുകളിലും വാഹനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നെന്നും കോടതി നിരീക്ഷിച്ചു. റിക്കവറി വാന്‍, ക്രെയിന്‍ എന്നിവ ക്യാമ്പസുകളില്‍ കൊണ്ടുവരുന്നുണ്ട്. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സഞ്ജു ടെക്കി കേസ് പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിര്‍ദ്ദേശം.