ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിൽ. ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതിഫലിച്ചത് സർക്കാരിനോടുളള ജനങ്ങളുടെ എതിർപ്പെന്ന് കെ ഇ ഇസ്മയിൽ തുറന്നടിച്ചു. ജനങ്ങളുടെ എതിർപ്പ് ഇത്രത്തോളം ബാധിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ധാർഷ്ഠ്യമെന്ന തിരുവനന്തപുരം ജില്ലാ കൗൺസിൽ ഉയർത്തിയ വിമർശനങ്ങൾ തളളിക്കളയാൻ കഴിയുന്നതല്ലെന്ന് കെ ഇ ഇസ്മയിൽ പറഞ്ഞു. ജനങ്ങൾ പ്രതീക്ഷിക്കുന്ന നിലയിലേക്ക് വളരാൻ മന്ത്രിമാർക്ക് കഴിഞ്ഞില്ലെങ്കിൽ അത് ഭരണവിരുദ്ധവികാരമായി മാറുകയാണ് ചെയ്യുകയെന്ന് അദ്ദേം പ്രതികരിച്ചു.
മുഖ്യമന്ത്രി പറഞ്ഞ എളിമ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ഉണ്ടായില്ലെന്ന് ഇതും തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് കെ ഇ ഇസ്മയിൽ പറഞ്ഞു. മന്ത്രിമാരായി കഴിഞ്ഞാൽ പിന്നെ ആരോടും ബാധ്യതയില്ലെന്ന നിലയെടുത്താൽ പ്രതിസന്ധിയുണ്ടാകും. എല്ലാത്തിനും മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രിമാരും പുനപരിശോധന നടത്തണമെന്നും കെഇ ഇസ്മയിൽ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയത്തിൽ സർക്കാരിന്റെ പ്രവർത്തനത്തിൽ സിപിഐയിൽ കടുത്ത അതൃപ്തി ഉയർന്നുവരുന്നതിനിടെയാണ് മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ രംഗത്തെത്തിയിരിക്കുന്നത്. സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിലും ജില്ല എക്സിക്യൂട്ടീവ് യോഗത്തിലും മുഖ്യമന്ത്രിക്ക് എതിരെ സിപിഐ നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നും മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നുമായിരുന്നു സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിലെ വിമർശനം. മന്ത്രിമാരുടെ പ്രകടനം മോശമെന്നും ജില്ലാ കൗൺസിലിന്റെ വിലയിരുത്തലുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനമൊഴിയണമെന്ന് സിപിഐ തിരുവനന്തപുരം ജില്ല എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു.