കൊച്ചി കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിലും ഉണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇന്നലെയാണ് ഫ്ളാറ്റിലെ ഒരാള്‍ നേരിട്ട് ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചത്. ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറെ വിളിച്ച് അടിയന്തരമായി ഇടപെടാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫ്ളാറ്റിലെ കുടിവെള്ളത്തിന്റെ എല്ലാ സ്രോതസുകളും പരിശോധിക്കും. രോഗബാധിതരായ വ്യക്തികള്‍ പല ആശുപത്രികളില്‍ ചികിത്സ തേടിയത് കൊണ്ടായിരിക്കാം ഈ വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാത്തത്. അക്കാര്യവും അന്വേഷിക്കുന്നതാണ്. പ്രദേശത്ത് ബോധവത്ക്കരണം ശക്തിപ്പെടുത്തും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ എന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഛര്‍ദിയും വയറിളക്കവുമായി 350 പേര്‍ ഇതുവരെ ചികിത്സ തേടി. കുടിവെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 15 ടവറുകളിലായി 1268 ഫ്‌ലാറ്റില്‍ 5000ത്തിന് മുകളില്‍ ആളുകള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഫ്‌ലാറ്റിലെ കിണറുകള്‍, മഴവെള്ളം, ബോര്‍വെല്‍, മുനിസിപ്പല്‍ ലൈന്‍ തുടങ്ങിയവയാണ് ഫ്‌ലാറ്റിലെ പ്രധാന ജല സ്രോതസുകള്‍. ഇവയില്‍ ഏതില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് കണ്ടെത്തേണ്ടത്. നിലവില്‍ ഈ സ്രോതസുകള്‍ എല്ലാം അടച്ച് ടാങ്കര്‍ വഴി വെള്ളം എത്തിച്ചാണ് ഫ്‌ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്.
ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകള്‍ ശേഖരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളും ക്ലോറിനേഷന്‍ അടക്കമുള്ള നടപടികളും ഉണ്ടാകും. പരിശോധനയില്‍ ഫ്‌ലാറ്റിലെ ഒരാളില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതു തന്നെയാണോ ഇത്രയും പേര്‍ക്ക് അസുഖം വരാന്‍ കാരണമെന്ന് ഇപ്പോള്‍ വ്യക്തമല്ല.