ഇന്ന് വായനാ ദിനം. ശരീരത്തിന് ഭക്ഷണമെന്നതുപോലെ, മനസ്സിന്റെ ആരോഗ്യത്തിന് വായനയും വേണം. കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ആണ് നാം വായനാദിനമായി ആചരിക്കുന്നത്.
കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ വായന പ്രോത്സാഹിപ്പിച്ചയാളാണ് പി എന്‍ പണിക്കര്‍. കേരളത്തിലുടനീളം വായനശാലകള്‍ സ്ഥാപിക്കുകയും നിരക്ഷരരെ അറിവിന്റെ ലോകത്തേക്ക് ആനയിക്കുകയും ചെയ്തു അദ്ദേഹം. ആലപ്പുഴയിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടേയും ജാനകിയമ്മയുടേയും മകനായി ജനിച്ച പി എന്‍ പണിക്കര്‍ 1926-ല്‍ സനാതനധര്‍മ്മ വായനശാല രൂപീകരിച്ചതാണ് തുടക്കം. കേന്ദ്രീകൃത സംവിധാനമില്ലാതിരുന്ന സംസ്ഥാനത്തെ ആയിരക്കണക്കിനു വായനശാലകളെ കേരള ഗ്രന്ഥശാലാ സംഘത്തിന് കീഴിലെത്തിച്ചത് പണിക്കരാണ്.
മൂന്നു പതിറ്റാണ്ടോളം കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന പണിക്കരുടെ ശ്രമഫലമായാണ് കേരള പബ്ലിക് ലൈബ്രറീസ് ആക്ട് സര്‍ക്കാര്‍ പാസ്സാക്കിയത്. ‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’ എന്നതായിരുന്നു പണിക്കരുടെ ആഹ്വാനം. കേരളത്തെ സമ്പൂര്‍ണസാക്ഷരതയിലേക്ക് നയിച്ച കേരള സംസ്ഥാന സാക്ഷരതാ മിഷന് അടിത്തറ പാകിയ കേരള അനൗപചാരിക വിദ്യാഭ്യാസ വികസനസമിതിക്ക് രൂപം നല്‍കിയതും പണിക്കരാണ്.
1996 മുതല്‍ കേരള സര്‍ക്കാര്‍ വായനാദിനമായി ആചരിക്കുന്ന ദിനം 2017-ല്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ വായനാദിനമായും പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ജൂണ്‍ 25 വരെ വായനാവാരമായും സര്‍ക്കാര്‍ ആചരിക്കുന്നു.