കെ.രാധാകൃഷ്ണനു പകരം ഒ.ആര്‍.കേളു പിണറായി മന്ത്രിസഭയില്‍ അംഗമാകും. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്ത മറ്റ് വകുപ്പുകളുടെ ചുമതല വിഎന്‍ വാസവനും, എംബി രാജേഷിനും നല്‍കി. ദേവസ്വം വകുപ്പ് വി.എന്‍. വാസവനും പാര്‍ലമെന്ററി കാര്യം എം.ബി. രാജേഷും കൈകാര്യം ചെയ്യും.
പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ആരെയും സി.പി.ഐ.എം ഇതുവരെ മന്ത്രിയാക്കിയിട്ടില്ലായിരുന്നു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ് ഒ.ആര്‍.കേളു. സംസ്ഥാന കമ്മിറ്റിയിലെത്തുന്ന ആദ്യത്തെ പട്ടികവര്‍ഗ്ഗ നേതാവാണ് അദ്ദേഹം. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയയര്‍മാന്‍ കൂടിയായിരുന്നു.
യുഡിഎഫ് എം.എല്‍.എ ആയിരുന്ന ജയലക്ഷ്മിയെ തോല്‍പ്പിച്ചാണ് 2016 ല്‍ ഒ.ആര്‍ കേളും എം.എല്‍.എ ആകുന്നത്. 2021ലും വിജയം ആവര്‍ത്തിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം. തുടര്‍ന്ന് 2005ലും 2010ലുമായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും 2015ല്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിരുന്നു.