Hivision Channel

ഊതിക്കാനുള്ള ഉഷാര്‍ ശമ്പളം തരാനും വേണം; ബ്രീത്ത് അനലൈസറില്‍ ഊതാതെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ പ്രതിഷേധം

ശനിയാഴ്ച കാഞ്ഞങ്ങാട് ഡിപ്പോയിലാണ് സംഭവം. ചുള്ളിക്കര സ്വദേശിയായ വിനോദ് ജോസഫിന് ശനിയാഴ്ച ഡ്യൂട്ടി കിട്ടിയത് പാണത്തൂര്‍-ഇരിട്ടി റൂട്ടിലാണ്. പതിവ് നടപടിക്രമമെന്ന നിലയില്‍ ചെക്കിങ് ഇന്‍സ്പെക്ടര്‍ ബ്രത്ത് അനലൈസറുമായി എത്തിയപ്പോഴാണ് വിനോദിന്റെ പ്രതിഷേധവും പ്രതികരണവും. ലോഗ്ഷീറ്റ് വാങ്ങി ബസ് തിരിച്ചിട്ട് കണ്ടക്ടറെ കാത്തിരിക്കുമ്പോഴാണ് ബ്രീത്ത് അനലൈസറില്‍ ഊതാത്ത ഡ്രൈവര്‍ക്ക് ഡ്യൂട്ടി നല്‍കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചത്.

മാസംതീരാറായിട്ടും പാതിശമ്പളമേ കിട്ടിയുള്ളൂ. ഇതില്‍ പ്രതിഷേധിച്ചാണ് ഊതാതിരുന്നതെന്ന് ലോഗ് ഷീറ്റില്‍ ഇദ്ദേഹം എഴുതി. ലോഗ് ഷീറ്റ് തിരികെ വാങ്ങിയ അധികൃതര്‍ ഇദ്ദേഹത്തിന്റെ ഡ്യൂട്ടി മറ്റൊരു ഡ്രൈവര്‍ക്ക് നല്‍കി. രണ്ടരമണിക്കൂറോളം വിനോദ് ജോസഫ് ഡിപ്പോയില്‍ കുത്തിയിരുന്നു. ഇതിനിടെ രക്തസമ്മര്‍ദംകൂടി വിനോദ് ജോസഫിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *