Hivision Channel

ബാറിന് മുന്നില്‍ കുഴഞ്ഞുവീണതല്ല, അടിയേറ്റ് വീണത്: യുവാവിന്റെ മരണം കൊലപാതകം; മൂന്നുപേര്‍ പിടിയില്‍

മൂവാറ്റുപുഴ നഗരത്തില്‍ ശനിയാഴ്ച രാത്രി മരിച്ച പുല്ലുവഴി സ്വദേശി ശബരി ബാലി (40) ന്റെ മരണം കൊലപാതകമാണെന്നു കണ്ടെത്തി പോലീസ്. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. അഞ്ചല്‍പ്പെട്ടി ആനിത്തൊട്ടിയില്‍ ദീപു വര്‍ഗീസ് (30), തോട്ടഞ്ചേരി മുന്തരിങ്ങാട്ട് ആഷിന്‍ ഷിബി (19), തോട്ടഞ്ചേരി കാനാക്കുന്നേല്‍ ടോജി തോമസ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കച്ചേരിത്താഴത്ത് ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ശബരി ബാല്‍ ആക്രമിക്കപ്പെട്ടത്. കുഴഞ്ഞുവീണു മരിച്ചെന്ന നിലയിലാണ് പോലീസ് ആദ്യം സംഭവത്തെ കണ്ടത്. കച്ചേരിത്താഴത്തെ ബാര്‍ ഹോട്ടലിനു മുന്നില്‍ വീണ ഇയാളെ കുറച്ചുപേര്‍ ചേര്‍ന്ന് എടുത്തുകൊണ്ടുപോകുന്ന സി.സി. ടി.വി. ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഹോട്ടലില്‍ അടിപിടിയുണ്ടായതായി കണ്ടെത്തിയുമില്ല. ആശുപത്രിയിലെത്തും മുന്‍പ് ശബരി ബാല്‍ മരിച്ചു.

പോലീസ് സര്‍ജന്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കുപിന്നില്‍ ശക്തമായ ക്ഷതമേറ്റതായി കണ്ടെത്തിയതോടെ പോലീസ് വിശദാന്വേഷണം തുടങ്ങി. ഹോട്ടല്‍ ഗെയ്റ്റിനു വെളിയില്‍ തര്‍ക്കമുണ്ടായതായും ശബരി അടിയേറ്റ് വീണതാണെന്നും കണ്ടെത്തി. അടിച്ച സംഘത്തിലുണ്ടായിരുന്നവരുള്‍പ്പെടെയാണ് ശബരിയെ ആശുപത്രിയിലെത്തിച്ചതെന്നും വ്യക്തമായി. ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നും തൊഴിലാളികളില്‍നിന്നും പോലീസ് മൊഴിയെടുത്തു.

ഹോട്ടലിനു മുന്നിലെ വീടിന്റെ ഗെയ്റ്റിനു മുന്നില്‍ ബിയര്‍ കുപ്പി പൊട്ടിക്കിടന്നതും കണ്ടെത്തി. തുടര്‍ന്ന് ഞായറാഴ്ച രാത്രിതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ തര്‍ക്കമാണ് അടിയിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് കണ്ടെത്തല്‍.

Leave a Comment

Your email address will not be published. Required fields are marked *