Hivision Channel

പനിബാധിതരുടെ എണ്ണം വലിയ തോതിൽ കൂടി, സ്വയംചികിത്സ ഒഴിവാക്കി കൃത്യമായ രോ​ഗനിർണയം നടത്തണം

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വലിയ തോതിൽ കൂടി. ആസ്പത്രികളിലെ ഒ.പി.കളിൽ മൂന്നുനാല് ദിവസമായി രോഗികളുടെ തിരക്കാണ്. 13,636 പേരാണ് കഴിഞ്ഞദിവസം സർക്കാർ ആസ്പത്രികളിൽ ചികിത്സ തേടിയത്. ഇതിലുമേറെപ്പേർ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

രോഗികൾ കൂടുന്ന സാഹചര്യത്തിൽ പ്രധാന സർക്കാർ ആസ്പത്രികളിൽ പനി വാർഡുകൾ തുറക്കുകയാണ്. മലപ്പുറം, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് വ്യാപനം കൂടുതൽ. ജലദോഷപ്പനി കുട്ടികളിലും വ്യാപകമായി. മഴക്കാലത്ത് കാണാറുള്ള സാധാരണ വൈറൽ പനി കേസുകളാണ് ഭൂരിഭാഗവും. വായുവിലൂടെ പകരുന്നതിനാൽ എളുപ്പത്തിൽ വ്യാപിക്കുന്നു. എന്നാൽ ഇതിനൊപ്പം കൊതുക് പരത്തുന്ന ഡെങ്കിപ്പനിയും വ്യാപകമാണ്. എല്ലാ ജില്ലകളിലും ഡെങ്കിപ്പനിയുടെ ഭീഷണിയുണ്ട്. എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയും സംസ്ഥാനത്ത് ഉണ്ടെന്നതിനാൽ പനിയുടെ കാരണം കൃത്യമായി തിരിച്ചറിഞ്ഞ് ശാസ്ത്രീയമായ ചികിത്സ തേടണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

ഇൻഫ്ലുവൻസ വൈറസുകളാണ് വൈറൽ പനിക്ക് കാരണമാവുന്നത്. റെസ്പിരേറ്ററി സിൻസീഷ്യൽ വൈറസ് ബാധയും കൂട്ടത്തിലുണ്ട്. ഇത് ശ്വാസനാളികളുടെ നീർക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നതിനാൽ മിക്കവരിലും ചുമയും ശ്വാസംമുട്ടലും വന്നെത്തുന്നു. മറ്റ് രോഗങ്ങൾ ഉള്ളവർ, പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ വൈറൽ പനിയെ കൂടുതൽ ശ്രദ്ധിക്കണം. ഡെങ്കിപ്പനി അപകടകാരിയാണെന്നതിനാൽ തുടക്കത്തിൽ തന്നെ രോഗനിർണയം നടത്തി ചികിത്സിക്കണം.

വേദനസംഹാരി വേണ്ടാ

പനി വന്നാൽ സ്വയംചികിത്സ ഒഴിവാക്കണം. മൂന്നുദിവസത്തിലധികം നീളുന്ന പനിയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധനകളിലൂടെ കൃത്യമായ രോ​ഗനിർണയം നടത്തണം. പനിയുള്ളവർ ഒരു കാരണവശാലും വേദനസംഹാരി കഴിക്കരുത്.

ഡോ. പി. സുമിൻ മോഹൻ
ആർ.എം.ഒ. ജില്ലാ ആസ്പത്രി, കണ്ണൂർ

കുട്ടികളിലും വ്യാപകം

പനി, ചുമ, ജലദോഷ ലക്ഷണങ്ങളുമായി ചികിത്സയ്ക്ക് എത്തുന്ന കുട്ടികളുടെ എണ്ണം കുറച്ചുദിവസമായി വലിയ തോതിൽ കൂടി. വൈറൽ ​ഹെപ്പറ്റൈറ്റിസ് എ ഉണ്ടാക്കുന്ന മഞ്ഞപിത്തവും വ്യാപകമാണ്.

ഡോ. എം. വിജയകുമാർ
പീഡിയാട്രിക് വിഭാ​ഗം പ്രൊഫസർ, ​ഗവ.മെഡിക്കൽ കോളേജ്, കോഴിക്കോട്

Leave a Comment

Your email address will not be published. Required fields are marked *