എഞ്ചിനീയറിംഗ് പരീക്ഷയിലെ കൂട്ടത്തോല്‍വിയില്‍ കടുത്ത നടപടിക്കൊരുങ്ങി സാങ്കേതിക സര്‍വകലാശാല. വിജയശതമാനം തീരെ കുറഞ്ഞ കോളേജുകള്‍ അടച്ച് പൂട്ടാനുള്ള നിര്‍ദ്ദേശം നല്‍കിയേക്കും. 15 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് നീക്കം. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് മാനേജ്‌മെന്റുകളുമായി സര്‍വകലാശാല ഇന്ന് ചര്‍ച്ച നടത്തും.
53 ശതമാനമായിരുന്നു ഇത്തവണ കെടിയു അവസാന വര്‍ഷ ബി.ടെക്ക് പരീക്ഷയിലെ വിജയ ശതമാനം. 26 കോളേജുകള്‍ക്ക് 25 ശതമാനം വിദ്യാര്‍ത്ഥികളെ പോലും ജയിപ്പിക്കാനായിരുന്നില്ല. ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് പഠനനിലാവാരത്തെ കുറിച്ചുള്ള ആശങ്കകളുമുയര്‍ന്നു. വലിയ തോല്‍വിയില്ലെന്നൊക്കെയാണ് സര്‍വകലാശാല ആദ്യം വിശദീകരിച്ചതെങ്കിലും നടപടിയെടുക്കാനാണ് നിലവിലെ തീരുമാനം. കുറഞ്ഞ വിജയ ശതമാനമുള്ള കോളേജുകള്‍ക്ക് താക്കീത് നല്‍കും. മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയരാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാത്ത 15 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് നീക്കമുണ്ട്. ഇവിടെ പ്രവേശനം അനുവദിക്കേണ്ടെന്ന് എന്‍ട്രസ് കമ്മീഷണറോട് ആവശ്യപ്പെടാനാണ് സര്‍വകലാശാല ആലോചിക്കുന്നത്.
എല്ലാ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളുടെ മാനേജര്‍മാരുമായി ഇന്ന് സര്‍വകലാശാല ചര്‍ച്ച നടത്തും. ഇതിന് ശേഷം ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായും സര്‍വകാശാല പ്രതിനിധികള്‍ ചര്‍ച്ച നടത്തും. ഇത്തവണ ഒരു കോളേജില്‍ ഒരൊറ്റ വിദ്യാര്‍ത്ഥി പോലും പാസായിരുന്നില്ല. 28 വിദ്യാര്‍ത്ഥികളായിരുന്നു ഇവിടെ പരീക്ഷ എഴുതിയത്. ആറ് കോളേജുകളുടെ വിജയം പത്ത് ശതമാനത്തില്‍ താഴെയായിരുന്നു. പാസ് പെര്‍സന്റേജ് 70ന് മുകളില്‍ കുട്ടികളെ ജയിപ്പിക്കാനായത് 17 കോളേജുകള്‍ക്ക് മാത്രമായിരുന്നു.