കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കണ്ണൂര്‍ നാടാലിലെ വീട്ടില്‍നിന്ന് കൂടോത്ര അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന സാധനങ്ങള്‍ കണ്ടെത്തി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെയും കെ സുധാകരന്റെയും സാന്നിധ്യത്തില്‍ ആത്മീയ ആചാര്യനാണ് കൂടോത്രം പുറത്തെടുത്തത്. ഉണ്ണിത്താന്റെ നിര്‍ദേശപ്രകാരം മൂന്നുമാസം മുന്‍പ് നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്ത് കുഴിച്ചിട്ട രൂപങ്ങളും തകിടുകളും കണ്ടെടുത്തത്.
തുടര്‍ച്ചയായി ആരോഗ്യപ്രശ്നങ്ങള്‍ വേട്ടയാടിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് കൂടോത്ര സംശയം പങ്കുവെച്ചത് കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താനായിരുന്നു. പിന്നാലെ ഉണ്ണിത്താന്‍ തന്നെ എത്തിച്ച ആത്മീയ ആചാര്യന്റെ പരിശോധന നടന്നു. കണ്ണൂര്‍ നടാലിലെ വീടിന്റെ കന്നിമൂലയില്‍ കുഴിച്ചിട്ട നിലയില്‍ തെയ്യത്തിന്റെ മാതൃകയിലുള്ള രൂപവും തകിടുകളും കണ്ടെത്തി. രാജ്മോഹന്‍ ഉണ്ണിത്താന്റെയും കെ സുധാകരന്റെയും സാന്നിധ്യത്തില്‍ ആയിരുന്നു കൂടോത്രം പരിശോധന. ഈ ഘട്ടത്തിലെ ഇരുവരുടെയും ശബ്ദസംഭാഷണങ്ങളും പുറത്തുവന്നു.
പിന്നീടും കെ സുധാകരന് ആരോഗ്യപ്രശ്നങ്ങള്‍ തുടര്‍ന്നതോടെ രാജ് മോഹന്‍ ഉണ്ണിത്താന്‍ ആത്മീയ ആചാര്യനെ വീണ്ടും എത്തിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ നിന്നും സമാന തകിടുകളില്‍ കണ്ടെത്തി. വിശ്വാസമായാലും അന്ധവിശ്വാസമായാലും കൂടോത്രം ചില്ലറ പൊല്ലപ്പല്ല ഉണ്ടാക്കിയത്.
തന്റെ വീട്ടില്‍ നിന്നും കൂടോത്രം വെച്ചത് കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൂടോത്രം ഇപ്പോള്‍ കണ്ടെടുത്തത് അല്ലെന്നും കുറച്ചുകാലം മുന്‍പുള്ളതാണെന്നും കെ സുധാകരന്‍ പറഞ്ഞു. തന്നെ അപായപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.