Hivision Channel

കുവൈറ്റ് ദുരന്തം; ആശ്രിതര്‍ക്കുള്ള ധനസഹായംമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കൈമാറി

കണ്ണൂര്‍:കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ജില്ലയില്‍ നിന്നുള്ള മൂന്ന് പേരുടെ ആശ്രിതര്‍ക്ക് രജിസ്‌ട്രേഷന്‍, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ധനസഹായം കൈമാറി.

ധര്‍മ്മടം വാഴയില്‍ വിശ്വാസ് കൃഷ്ണന്‍, കുറുവ ഉണ്ണാന്‍കണ്ടി യു കെ അനീഷ്‌കുമാര്‍, വയക്കര കുത്തൂര്‍ ഹൗസ് നിധിന്‍ എന്നിവരുടെ വീടുകളില്‍ എത്തിയാണ് ആശ്രിതര്‍ക്കുള്ള ധനസഹായം മന്ത്രി കൈമാറിയത്. കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ഉള്‍പ്പെടെ 14 ലക്ഷം രൂപയാണ് ധനസഹായമായി നല്‍കിയത്.
പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എം എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡണ്ടുമായ ബാബു സ്റ്റീഫന്‍ രണ്ട് ലക്ഷം രൂപയുമാണ് നോര്‍ക്ക മുഖേന ധനസഹായമായി നല്‍കിയത്.

രാവിലെ വിശ്വാസ് കൃഷ്ണന്റെ വീട്ടിലെത്തിയ മന്ത്രി വിശ്വാസ് കൃഷ്ണന്റെ അമ്മ കെ ഹേമലത, ഭാര്യ പൂജ എം രമേഷ്, മകന്‍ ദൈവിക് വിശ്വാസ് എന്നിവരുടെ പേരിലുള്ള ചെക്കുകള്‍ കൈമാറി. വിശ്വാസ് കൃഷ്ണന്റെ അമ്മ ചെക്കുകള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. വിശ്വാസ് കൃഷ്ണന്റെ മകന് ഗാന്ധിജിയുടെയും ചിത്രശലഭത്തിന്റെയും ചിത്രങ്ങള്‍ വരച്ച് മന്ത്രി സമ്മാനമായി നല്കി.

ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, എ ഡി എം കെ നവീന്‍ ബാബു, തലശ്ശേരി തഹസില്‍ദാര്‍ സി പി മണി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ കെ രവി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷീജ , നോര്‍ക്ക റൂട്ട്സ് മാനേജര്‍ സി രവീന്ദ്രന്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

ഉച്ചക്ക് ശേഷം യു കെ അനീഷ്‌കുമാറിന്റെ വീട്ടിലെത്തിയ മന്ത്രി അനീഷ്‌കുമാറിന്റെ അമ്മ പി സതി, ഭാര്യ പി കെ സന്ധ്യ, മക്കള്‍ അശ്വിന്‍ അനീഷ്, അദിശ് അനീഷ് എന്നിവരുടെ പേരിലുള്ള ചെക്കുകള്‍ കൈമാറി. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, എ ഡി എം കെ നവീന്‍ ബാബു, നോര്‍ക്ക റൂട്ട്സ് മാനേജര്‍ സി രവീന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ എന്‍ മിനി, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഇ പി ജലജ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

വൈകിട്ട് നിധിന്റെ വീട്ടിലെത്തിയ മന്ത്രി നിധിന്റെ അച്ഛന്‍ ലക്ഷ്മണന്റെ പേരിലുള്ള ധനസഹായം കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *