അഗ്‌നിപഥില്‍ ഘടനാപരമായ മാറ്റത്തിന് ആലോചിച്ച് കേന്ദ്രസര്‍ക്കാര്‍. അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ക്ക് സേന കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ ഉള്ള പരിഷ്‌കരണങ്ങള്‍ ആകും നടപ്പാക്കുക.ഇക്കാര്യത്തില്‍ സേനകള്‍ക്കുള്ളില്‍ ചര്‍ച്ച നടക്കുന്നതായി സൂചനയുണ്ട്.
നാലുവര്‍ഷ നിയമനത്തിനുശേഷം 25 ശതമാനം അഗ്‌നിവീറുകളെ സേനയിലേക്കെടുക്കുന്നതിനുപകരം 50 ശതമാനംപേരെ ഉള്‍പ്പെടുത്തുന്നതാണ് പ്രധാന പരിഗണനകളിലൊന്ന്. അപേക്ഷിക്കാനുള്ള പ്രായപരിധി 21-ല്‍നിന്ന് 23 ആയി ഉയര്‍ത്തുന്നതും ചര്‍ച്ചയിലുണ്ടെന്നാണ് വിവരം. ബിരുദധാരികള്‍ക്കും അപേക്ഷിക്കാന്‍ വഴിയൊരുക്കുന്നതാകും നീക്കം.
ലോക്സഭയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തോടെ അഗ്‌നിപഥ് പദ്ധതി വീണ്ടും വിവാദവിഷയമായിരിക്കുകയാണ്. പദ്ധതി ഒഴിവാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അഗ്‌നിവീറുകള്‍ കൊല്ലപ്പെട്ടാല്‍ മറ്റു സൈനികര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നും അത് പക്ഷപാതപരമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.