Hivision Channel

ആകാശ് തില്ലങ്കേരിക്ക് കണ്ണൂരില്‍ ലൈസന്‍സില്ല, മറ്റ് ആര്‍ടിഒ പരിധികളില്‍ പരിശോധിക്കുന്നുവെന്ന് എംവിഡി

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട് നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. കണ്ണൂരില്‍ ലൈസന്‍സ് ഇല്ലെന്ന് റിപ്പോര്‍ട്ട് കിട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ മറ്റ് ആര്‍ടിഒ,സബ് ആര്‍ടിഒ പരിധികളില്‍ ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കും. ഇതിനുള്ള നടപടി തുടങ്ങിയതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരി യാത്ര നടത്തിയത്. ആകാശ് തില്ലങ്കേരി സഞ്ചരിച്ച രൂപമാറ്റം വരുത്തിയ വാഹനം വയനാട് മോട്ടോര്‍ വാഹന വകുപ്പ് തിരിച്ചറിഞ്ഞ് നടപടിയെടുത്തു. വാഹനത്തിന്റെ രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെയുള്ള 9 കുറ്റങ്ങളാണ് എംവിഡി ചുമുത്തിയിരിക്കുന്നത്. 45,500 രൂപ പിഴയാണ് ഈ കുറ്റങ്ങള്‍ക്കായി ചുമത്തിയിട്ടുള്ളത്. എല്ലാ കേസും വാഹന ഉടമയായ മലപ്പുറം സ്വദേശി സുലൈമാനെതിരായാണ്. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസന്‍സ് ഇല്ലാതെ ഓടിക്കാന്‍ വാഹനം വിട്ടു നല്‍കിയെന്ന കേസും ഉടമക്കെതിരെയാണ്. ആകാശ് തില്ലങ്കേരിയുടെ ലൈസന്‍സ് വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ കുറ്റം ചുമത്തിയത്.

മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്റെ കെ എല്‍ പത്ത് ബിബി 3724 എന്ന ജീപ്പാണ് രൂപമാറ്റം വരുത്തി രജിസ്‌ട്രേഷന്‍ നമ്പര്‍ പോലും പ്രദര്‍ശിപ്പിക്കാതെ ആകാശ് തില്ലങ്കേരി ഓടിച്ചിരുന്നത്. ഈ വാഹനം 2021 , 2023 വര്‍ഷങ്ങളിലെല്ലാം പലതവണ നിയമലംഘനങ്ങള്‍ക്ക് പിടിയിലായിട്ടുണ്ട്. 2023 ല്‍ 25,000 പിഴയും ചുമത്തിയിരുന്നു. വയനാട് പനമരം വഴി ഓടിച്ച വാഹനം കണ്ടെത്താന്‍ സിസിടിവികള്‍ അടക്കം പരിശോധിച്ചെങ്കിലും ഒടുവില്‍ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് വാഹനം തിരിച്ചറിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *