Hivision Channel

സീബ്ര ലൈനില്‍ വച്ച് വിദ്യാര്‍ത്ഥിനികളെ ബസിടിച്ച് തെറിപ്പിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട് വടകരയിലെ അപകടത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫുറൈസ് കിലാബ് ആണ് പിടിയിലായത്. മടപ്പള്ളി കോളേജ് വിദ്യാര്‍ഥിനികളെയാണ് സീബ്ര ലൈനില്‍ വച്ച് ബസിടിച്ച് തെറിപ്പിച്ച സംഭവത്തിലാണ് ഡ്രൈവര്‍ അറസ്റ്റിലായിരിക്കുന്നത്. അയ്യപ്പന്‍ എന്ന ബസിലെ ഡ്രൈവറാണ് മുഹമ്മദ് ഫുറൈസ് കിലാബ്.

അമിത വേഗതയില്‍ വാഹനം ഓടിച്ചു, അശ്രദ്ധമായി വാഹനം ഓടിച്ചു, മനുഷ്യ ജീവന് ഹാനിയുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചു എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകട ശേഷം ഡ്രൈവറും കണ്ടക്ടറും ബസ്സില്‍ നിന്ന് ഇറങ്ങി ഓടിയിരുന്നു. ഒളിവില്‍ പോയ ഡ്രൈവറെ ചോമ്പാല പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടിനായിരുന്നു അപകടം സംഭവിച്ചത്. ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ദേശീയ പാതയിലൂടെ സീബ്ര ലൈന്‍ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാര്‍ഥികളെയാണ് ബസ് ഇടിച്ചത്.

മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അപകടത്തില്‍ പരുക്കേറ്റിരുന്നു. കണ്ണൂരില്‍നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന അയ്യപ്പന്‍ എന്ന ബസ് ആണ് ഇവരെ ഇടിച്ചത്. സീബ്രാലൈനിലൂടെ കൂട്ടമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു വിദ്യാര്‍ത്ഥിനികള്‍. കണ്ണൂര്‍ ഭാഗത്തുനിന്നും ഒരു ലോറി വേഗതയില്‍ കടന്നുപോയി. തൊട്ടുപിന്നിലെത്തിയ ബസ് ആണ് ഇവരെ ഇടിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *