കൊങ്കണ്‍ പാതയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ചെളിയും മണ്ണും നീക്കുന്നത് വൈകുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. പെര്‍ണം ടണലിലെ വെള്ളക്കെട്ടും മണ്ണ് ഇടിയുന്നതും തുടരുന്നുവെന്ന് റെയില്‍വേ അറിയിച്ചു. കൊങ്കണ്‍ റൂട്ടില്‍ രാത്രി എട്ടുമണിയോടെ ഗതാഗതം പുനസ്ഥാപിക്കുമെന്ന് കൊങ്കണ്‍ റെയില്‍വേ അറിയിച്ചു.
തുരങ്കത്തിലെ തടസം നീക്കുന്ന ജോലി യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നുവെന്ന് റെയില്‍വേ വ്യക്തമാക്കി. നേരത്തെ വൈകിട്ട് 4.55 ന് പുറപ്പെടും എന്ന് അറിയിച്ചിരുന്ന 16346 തിരുവനന്തപുരം ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ്, 16345 ലോകമാന്യ തിലക് തിരുവനന്തപുരം എക്‌സ്പ്രസ്, 12619 ലോകമാന്യ തിളക് മംഗുളൂരു എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. നേരത്തെ ഗോവയില്‍ നിന്നും മുംബൈയിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.