കണ്ണൂര്‍: മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായ് കോര്‍പ്പറേഷന്‍ -നഗരസഭാ തല ജില്ലാ ദ്വിദിന ശില്‍പശാല ജൂലായ് 11, 12 തീയതികളില്‍ കാട്ടാമ്പള്ളി കൈരളി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമ്പൂര്‍ണത , സുസ്ഥിരത, മനോഭാവ മാറ്റം എന്നീ ലക്ഷ്യങ്ങളോടെ യാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നഗരസഭകളിലെ വിവിധ തല ഉദ്യോഗസ്ഥര്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, എന്നിവര്‍ക്കായാണ് ജില്ലാതല ശില്‍പശാല സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്ക്
കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ ശില്പശാല ഉദ്ഘാടനം ചെയ്യും.ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഐ എ എസ് അധ്യക്ഷത വഹിക്കും.
തദ്ദേശ ഭരണ വകുപ്പ്, കില , ഹരിത കേരളം മിഷന്‍ ശുചിത്വ മിഷന്‍, കെ.എസ്. ഡബ്ല്യു. എം.പി, കുടുംബശ്രീ ,ക്ലീന്‍ കേരള കമ്പനി, എന്നിവയുടെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ജൂണ്‍ 13, 14 തീയതികളില്‍ നടത്തിയ സംസ്ഥാന തല ശില്‍പശാലയുടെ തുടര്‍ച്ചയായാണ് ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും നഗരസഭാ തലത്തിലും തുടര്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നത്.
2023 – 24 സാമ്പത്തിക വര്‍ഷം ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കൈവരിച്ച നേട്ടങ്ങളിലെ വിജയ മാതൃകകള്‍ ജില്ലാ തല ശില്പശാലയില്‍ അവതരിപ്പിക്കും.
ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായുള്ള ശില്‍പശാല കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. 2024- 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനപരമായ ലക്ഷ്യമായി കണക്കാക്കിയിട്ടുള്ളത് സമ്പൂര്‍ണ്ണത, സുസ്ഥിരത, മനോഭാവം മാറ്റം എന്നിവയാണ്. അജൈവ മാലിന്യ ശേഖരണം പൂര്‍ണ്ണമാക്കി സുസ്ഥിരത നിലനിര്‍ത്തല്‍, ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കുന്നത് ഉറപ്പാക്കല്‍, പൊതു ഇടങ്ങള്‍ മാലിന്യമുക്തമാക്കല്‍, സാനിറ്ററി മാലിന്യം ഉള്‍പ്പെടെയുള്ള മറ്റു പ്രത്യേക മാലിന്യങ്ങള്‍ക്ക് സംസ്‌കരണ സംവിധാനം ഒരുക്കല്‍, ദ്രവമാലിന്യ സംസ്‌കരണ സംവിധാനത്തിനായുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കല്‍ എന്നിവയാണ് ലക്ഷ്യമിടുന്നത്.