Hivision Channel

വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്; നിര്‍ണായക വിധിയുമായി സുപ്രീം കോടതി

വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 125 പ്രകാരം ഭര്‍ത്താവില്‍ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതി വിധി. വിവാഹമോചിതയായ ഭാര്യക്ക് ജീവനാംശം നല്‍കാനുള്ള നിര്‍ദേശത്തെ ചോദ്യം ചെയ്ത് മുസ്ലീം യുവാവിന്റെ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമല്ല, എല്ലാ സ്ത്രീകള്‍ക്കും സെക്ഷന്‍ 125 ബാധകമാകുമെന്ന നിഗമനത്തോടെയാണ് ക്രിമിനല്‍ അപ്പീല്‍ തള്ളുന്നതെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ജസ്റ്റിസ് നാഗരത്നയും ജസ്റ്റിസ് മസിഹും വെവ്വേറെയാണ് വിധി പുറപ്പെടുവിച്ചത്.

ജീവനാംശം തേടുന്നതിനുള്ള നിയമം മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകള്‍ക്കും ബാധകമാണെന്നും ബെഞ്ച് വ്യക്തമാക്കി. ഭാര്യയെ പരിപാലിക്കുക എന്നത് ജീവകാരുണ്യമല്ലെന്നും വിവാഹിതരായ സ്ത്രീകളുടെ അവകാശമാണെന്നും കോടതി പറഞ്ഞു. ഗൃഹനാഥയായ ഭാര്യ വൈകാരികമായും മറ്റ് വഴികളിലും തങ്ങളെ ആശ്രയിക്കുന്നു എന്ന വസ്തുതയെക്കുറിച്ച് ചില ഭര്‍ത്താക്കന്മാര്‍ ബോധവാന്മാരല്ല. ഇന്ത്യന്‍ പുരുഷന്‍ ഒരു വീട്ടമ്മയുടെ പങ്കും ത്യാഗവും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

മുന്‍ ഭാര്യക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നല്‍കാനുള്ള തെലങ്കാന ഹൈക്കോടതിയുടെ നിര്‍ദേശത്തെ ചോദ്യം ചെയ്ത് മുസ്ലീം യുവാവ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. സെക്ഷന്‍ 125 സിആര്‍പിസി പ്രകാരം ഒരു മുസ്ലീം സ്ത്രീ വിവാഹമോചനം നേടിയാല്‍, അവര്‍ക്ക് മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) നിയമം 2019-നെ ആശ്രയിക്കാമെന്നും കോടതി വിധിച്ചു. വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമല്ല, സെക്ഷന്‍ 125 CrPC എല്ലാ സ്ത്രീകള്‍ക്കും ബാധകമാകുമെന്ന നിഗമനത്തോടെയൊണ് ഹര്‍ജി തള്ളിയത്.

Leave a Comment

Your email address will not be published. Required fields are marked *