മണ്‍സൂണ്‍ എത്തി ഒന്നരമാസമാകുമ്പോഴും കേരളത്തില്‍ പരക്കെ മഴ ലഭിക്കുന്നതില്‍ കുറവ്. ജൂണ്‍ മുതല്‍ ജൂലൈ പത്ത് വരെ 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനമൊട്ടാകെ 864.4 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 628.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് സാധാരണ അളവില്‍ മഴ ലഭിച്ചത്. ഇതില്‍ കണ്ണൂരിലും കാസര്‍കോട്ടും ഒഴികെ മറ്റ് ജില്ലകളിലൊന്നും 1000 മില്ലിമീറ്ററിന് മുകളില്‍ മഴ പെയ്തില്ല. കണ്ണൂരാണ് ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 1093.2 മില്ലി മീറ്റര്‍ മഴ കണ്ണൂരില്‍ പെയ്തു.
കാസര്‍കോട് 1012.9 മിമീ മഴയും പെയ്തു. ഇടുക്കിയും വയനാടുമാണ് ഏറ്റവും കുറവ് മഴ പെയ്തത്. ഇടുക്കിയില്‍ 45 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയപ്പോള്‍ വയനാട്ടില്‍ 42 ശതമാനം മഴ കുറഞ്ഞു. ആലപ്പുഴ(29), കണ്ണൂര്‍ (7), എറണാകുളം (38), കാസര്‍കോട് (25), കൊല്ലം (24), കോട്ടയം (14), കോഴിക്കോട് (25), മലപ്പുറം (25), പാലക്കാട് (29), പത്തനംതിട്ട (20), തിരുവനന്തപുരം (14), തൃശൂര്‍ (28) എന്നിങ്ങനെയാണ് കണക്ക്. ജൂണില്‍ മാത്രം 25 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.