കണ്ണൂര്‍:ജില്ലാ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സ്ഥിരം വേദിയായ പോലീസ് മൈതാനത്ത് സിന്തറ്റിക് ട്രാക്കിന്റെ ജോലികള്‍ നടക്കുന്നതിനാല്‍ ഇത്തവണത്തെ ആഘോഷം കലക്ടറേറ്റ് മൈതാനത്ത് നടത്തുവാന്‍ തീരുമാനിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാതന്ത്ര്യദിനാഘോഷ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം.
22 പ്ലാറ്റൂണുകള്‍ സ്വാതന്ത്രദിന പരേഡില്‍ ഇത്തവണ അണിനിരിക്കും. പൊലീസ്- നാല് , എന്‍ സി സി – നാല്,സ്‌കൗട്ട് ആന്‍ഡ് ഗൈഡ്- ആറ്,
സ്റ്റുഡന്റസ് പോലീസ് കേഡറ്റ്- നാല്, ജൂനിയര്‍ റെഡ് ക്രോസ്- രണ്ട്, എക്‌സൈസ്- ഒന്ന്, വനം വകുപ്പ്- ഒന്ന് എന്നിങ്ങനെയാണ് പ്ലാറ്റുണുകള്‍ തയ്യാറാകുന്നത്. പരേഡിന്റെ പരിശീലനം ആഗസ്റ്റ് ഒമ്പത്, 12, 13 തീയതികളില്‍ നടക്കും. പരിശീലന പരേഡിലും സെറിമോണിയല്‍ പരേഡിലും ബാന്റ് സെറ്റ് ഒരുക്കുന്നതിന് ഡി എസ് സി സെന്റര്‍, സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍, കടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവരെ ചുമതലപ്പെടുത്തി.പരേഡില്‍ പങ്കെടുക്കേണ്ടവര്‍ക്കുള്ള വാഹന സൗകര്യം ആര്‍ ടി ഒ ഏര്‍പ്പെടുത്തുവാനും തീരുമാനമായി.
അഡീഷണല്‍ എസ് പി കെ വി വേണുഗോപാല്‍, ലെഫ്റ്റനന്റ് കേണല്‍ അരുണ്‍കുമാര്‍, തളിപ്പറമ്പ് ആര്‍ഡിഒ ടി എം അജയകുമാര്‍,ഹുസൂര്‍ ശിരസ്തദാര്‍ പി പ്രേംരാജ്, തഹസില്‍ദാര്‍ പ്രമോദ് പി ലാസറസ് , വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.