Hivision Channel

ഇനി മണ്ണെണ്ണ ലഭിക്കുക പഞ്ചായത്തിലെ രണ്ട് റേഷന്‍ കടകളില്‍ മാത്രം; നിയന്ത്രണവുമായി സര്‍ക്കാര്‍

സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം പരിമിതപ്പെടുത്തുന്നു.
മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാരിന്റെ നീക്കം. ഒരു പഞ്ചായത്തിലെ രണ്ട് റേഷന്‍ കടകള്‍ വഴി മാത്രം മണ്ണെണ്ണ വിതരണം ചെയ്താല്‍ മതിയെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഉത്തരവിറക്കി. നിലവിലത്തെ ഉത്തരവ് പ്രകാരം മൂന്നു മാസത്തില്‍ ഒരിക്കല്‍ മഞ്ഞ പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണ റേഷന്‍ കടകളില്‍നിന്ന് വാങ്ങാം.

ഇതിനിടെ റേഷന്‍ വിതരണത്തെ മൊത്തത്തില്‍ തകര്‍ക്കുന്നതാണ് ഉത്തരവ് എന്ന് റേഷന്‍ വ്യാപാരികള്‍ ആരോപിക്കുന്നു. ഉത്തരവ് റേഷന്‍ വ്യാപാര മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്ന് വ്യാപാരികള്‍ പറഞ്ഞു.

ഒന്നോ രണ്ടോ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്താല്‍ റേഷന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുകയും മറ്റ് റേഷന്‍ കടകളില്‍ വിതരണം കുറയുകയും ചെയ്യുമെന്ന ആശങ്ക വ്യാപാരികള്‍ പങ്കുവെച്ചു.

ഉത്തരവ് പ്രായോഗികമല്ലെന്നും അത്തരം സംവിധാനം സംസ്ഥാനത്തെ മൊത്തം ചില്ലറ റേഷന്‍ വ്യാപാരികളുടെയും പ്രവര്‍ത്തനം താറുമാറാക്കുന്നതിന് ഇടവരുത്തുമെന്നും ഒരു പഞ്ചായത്തിലെ ഒന്നോ രണ്ടോ റേഷന്‍ കടകളിലൂടെ മാത്രം വിതരണം നടത്തുമ്പോള്‍ പൊതു ജനങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധം ഉണ്ടാവുമെന്ന് മാത്രമല്ല പ്രസ്തുത പരിമിതമായ വിതരണത്തിനായി ലൈന്‍സികള്‍ പാടുപെടേണ്ടതായി വരികയും ചെയ്യും.കൂടാതെ കാര്‍ഡ്ഉടമക്ക് ഏതു റേഷന്‍ കടയില്‍ നിന്നും റേഷന്‍ സംവിധാനം വാങ്ങുന്നതിനുള്ള പോര്‍ട്ടബിലിറ്റി സംവിധാനം നിലവിലുള്ളതിനാല്‍ മണ്ണെണ്ണ വിതരണം ചെയ്യുന്ന ഷോപ്പുകളെ മാത്രം ആശ്രയിക്കാന്‍ കാര്‍ഡുടമ നിര്‍ബന്ധിതനാവുകയും അത് മറ്റ് റേഷന്‍ കടകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും .പകരം സംവിധാനമായി ലഭിക്കുന്ന വിഹിതം മുഴുവന്‍ കാര്‍ഡുടമകള്‍ത്ത് തുല്യമായി എല്ലാ റേഷന്‍ കടകളിലൂടെയും വിതരണം ചെയ്യുന്നതിനുള്ള സംവിധാനം പുനസ്ഥാപിക്കുന്നതിനും മണ്ണെണ്ണയും ഭക്ഷ്യധാന്യ വിഹിതമെന്ന പോലെ റേഷന്‍ കടകളില്‍ വാതില്‍പ്പടി വിതരണ സമ്പ്രദായത്തില്‍ എത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.റേഷന്‍ വ്യാപാരികളുമായി കൂടിയാലോചിച്ച് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് സഹകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് റേഷന്‍ വ്യാപാരികള്‍.

Leave a Comment

Your email address will not be published. Required fields are marked *