ശുചീകരണത്തിനിറങ്ങി കനാലില്‍ കാണാതായ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പ് ചിത്രാ ഹോമിന്റെ പിറകിലെ കനാലില്‍ മൃതദേഹം പൊങ്ങുകയായിരുന്നു. മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു.
ജോയിയെ കാണാതായി മൂന്നാം ദിവസമായ ഇന്ന് രാവിലെ ആറരയോടെ തിരച്ചില്‍ പുനഃരാരംഭിച്ചിരുന്നു. സ്കൂബാ സംഘവും നാവികസേനാ സംഘവും തിരച്ചിലിനെത്തിയിരുന്നു. ഇതിനിടെ തകരപ്പറമ്പിലെ കനാലില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി സബ് കലക്ടര്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതരും ജോയിക്കൊപ്പമുണ്ടായിരുന്നവരും ഇവിടെ എത്തി. റെയില്‍വേയില്‍നിന്ന് വെള്ളം ഒഴുകിയെത്തുന്നത് ഇവിടെയാണ്. 46 മണിക്കൂറിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്.