Hivision Channel

കനത്ത മഴ; നാല് ക്യാമ്പുകൾ തുടങ്ങി71 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ജില്ലയില്‍ വ്യാഴാഴ്ചയും കനത്തമഴ പെയ്തു. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വ്യാപകമായി നാശനഷ്ടമുണ്ടായി. ജില്ലയില്‍ ഇതുവരെ നാല് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 80 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. കണ്ണൂര്‍, തലശ്ശേരി താലൂക്കുകളിലായി രണ്ട് വീതം ക്യാമ്പുകളാണ് ആരംഭിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ കീഴ്ത്തള്ളി വെല്‍നെസ് സെന്റര്‍, തലശ്ശേരി കതിരൂര്‍ സൈക്ലോണ്‍ ഷെല്‍ട്ടര്‍, തുപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ നരിക്കോട്ട്മല സാംസ്‌ക്കാരിക കേന്ദ്രം എന്നിവടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചത്.ജില്ലയില്‍ ആകെ 71 കുടുംബങ്ങളെ അപകട ഭീഷണിയെ തുടര്‍ന്ന് ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തലശ്ശേരി താലൂക്കില്‍ എട്ട് വില്ലേജുകളിലായി 48 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. തൃപ്പങ്ങോട്ടൂരില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. കണ്ണൂര്‍ താലൂക്കില്‍ ആറ് വില്ലേജുകളില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. 15 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. പയ്യന്നൂര്‍ താലൂക്കില്‍ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഇരിട്ടി താലൂക്കില്‍ മൂന്ന് വില്ലേജുകളിലായി നാല് കൂടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തളിപ്പറമ്പില്‍ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.ജില്ലയിൽ ബുധനാഴ്ച മാത്രം ശക്തമായ മഴയിൽ മൂന്ന് വീടുകൾക്ക് പൂർണ്ണമായും 24 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ഇരട്ടിയിൽ രണ്ടു വീടും പയ്യന്നൂരിൽ ഒരു വീടിനുമാണ് പൂർണ്ണമായും നാശം നഷ്ടം സംഭിവിച്ചത്.ജൂണ്‍ ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം കാലവർഷത്തെ തുടർന്ന് ജില്ലയില്‍ 13 വീടുകള്‍ പൂര്‍ണമായും 242 വീടുകൾ ഭാഗികമായും തകര്‍ന്നു. ആറളം ഫാമിലേക്കുള്ള വഴിയില്‍ പാലപ്പുഴ മെയിന്‍ ഗെയിറ്റില്‍ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകി. എടയാര്‍ വിസിബി കം ബ്രിഡ്ജിന്റെ മുകള്‍ ഭാഗത്ത് മരത്തടികള്‍ അടിഞ്ഞു കൂടിയാണ് ഒഴുക്ക് തടസ്സപ്പെട്ടത്. ഇതു മാറ്റുന്ന നടപടികള്‍ ആരംഭിച്ചു.എല്ലാ തദ്ദേശസ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും കളക്ടര്‍ നിദേശം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *