Hivision Channel

തലസ്ഥാനത്ത് സൈബര്‍ തട്ടിപ്പുകള്‍ കുത്തനെ കൂടുന്നു; 6 മാസത്തിനിടെ തട്ടിയത് 35 കോടി രൂപ

തലസ്ഥാന നഗരത്തില്‍ സൈബര്‍ തട്ടിപ്പുകളുടെ എണ്ണം കുത്തനെ കൂടുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ തട്ടിപ്പിനിരയായ ആളുകള്‍ക്ക് നഷ്ടമായത് 35 കോടി രൂപയാണ്. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് ഡിസിപി പി നിഥിന്‍ രാജ് അറിയിച്ചു.

ഉന്നത വിദ്യാഭ്യാസമുള്ളവരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാമുണ്ട് തട്ടിപ്പിനിരയായവരില്‍. ലക്ഷങ്ങളും കോടികളുമാണ് പലര്‍ക്കും നഷ്ടമായത്. തട്ടിയെടുത്ത പണം വിദേശ അക്കൗണ്ടുകളിലേക്കാണ് പോകുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജ ഡിജിറ്റല്‍ ഷെയര്‍ മാര്‍ക്കറ്റിലൂടെ തട്ടിയെടുത്തത് 27 കോടി രൂപയാണ്. കഴിഞ്ഞ മാസം വരെയുള്ള കണക്കില്‍ 122 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ജോലി വാഗ്ദാനം നല്‍കിയും തട്ടിപ്പ് നടക്കുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മ്മാരുടെ പേരില്‍ വിശ്വസിപ്പിച്ച് ആറ് മാസത്തിനിടെ ഏഴ് കേസുകളിലൂടെ മൂന്ന് കോടിയാണ് നഷ്ടമായത്. ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ 163 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 33 ലക്ഷത്തിലധികം രൂപയാണ് നഷ്ടമായത്. ബാങ്ക് അക്കൗണ്ടുകളില്‍ ഉയര്‍ന്ന തുക ബാലന്‍സ് ഉള്ളവരെ ലക്ഷ്യമിട്ടാണ് കൂടുതലും ഇത്തരത്തിലുള്ള തട്ടിപ്പ്. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് തിരുവനന്തപുരം ഡിസിപി നിഥിന്‍ രാജ് പറഞ്ഞു.

ഷെയര്‍ മാര്‍ക്കെറ്റില്‍ ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തുള്ള സന്ദേശങ്ങള്‍, വ്യാജ കസ്റ്റമര്‍ സര്‍വിസുകള്‍, ലോണ്‍ ആപ്പുകള്‍, വ്യാജ ലോട്ടറി, സമ്മാനം അടിച്ചുള്ള അറിയിപ്പുകള്‍ തുടങ്ങിയവ ലഭിച്ചാല്‍ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് നിര്‍ദേശം. മുന്നറിയിപ്പ് നല്‍കിയിട്ടും തട്ടിപ്പുകളുടെ എണ്ണം കൂടിയതോടെയാണ് പൊലീസ് ജാഗ്രതാ നിര്‍ദേശവുമായി നേരിട്ടെത്തിയത്. സിബിഐ, എന്‍സിബി, സംസ്ഥാന പൊലീസ് എന്നീ ഏജന്‍സികളിലെ ഉദ്യോഗസ്ഥരാണ് തങ്ങളെന്ന് പറഞ്ഞാണ് പലരും ആളുകളെ കെണിയില്‍ വീഴ്ത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *