Hivision Channel

നിപ: സമ്പർക്കപ്പട്ടികയിൽ 246 പേർ; 63 പേർ ഹൈറിസ്കിൽ; 14കാരന്റെ നില​ ​ഗുരുതരം; മോണോക്ലോണൽ ആന്റിബോഡി എത്തും

നിപ സ്ഥിരീകരിച്ച മലപ്പുറത്ത് അതീവ ജാ​ഗ്രത നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. മലപ്പുറം ജില്ലയിൽ നിപ ബാധ സ്ഥിരീകരിച്ച കുട്ടിക്കുള്ള മോണോക്ലോണൽ ആന്റിബോഡി പൂനെയിൽ നിന്നും ഉടനെത്തുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. രോ​ഗം ബാധിച്ച കുട്ടിയുടെ സ്ഥിതി ​ഗുരുതരമായി തന്നെ തുടരുകയാണ്. അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോ​ഗ്യമന്ത്രി. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 2പേർക്ക് പനിയുണ്ടെന്നും അവരുടെ സാമ്പിൾ പരിശോധനക്ക് അയക്കുമെന്നും മന്ത്രി അറിയിച്ചു.246പേരാണ് സമ്പർക്ക പട്ടികയിൽ ആകെയുള്ളത്. അവരിൽ 63 പേർ ഹൈറിസ്കിലാണുള്ളത്. ഹൈ റിസ്ക് പട്ടികയിലസുള്ള, ​രോ​ഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളാണ് ആദ്യം പരിശോധനക്ക് അയക്കുക. പൂനെയിൽ നിന്നും മൊബൈൽ ലാബ് കൂടി എത്തും. പാണ്ടിക്കാട് പഞ്ചായത്തിലും ആനക്കയം പഞ്ചായത്തിലും വീടുകൾ കയറി സർവ്വേ നടത്തും. അതുപോലെ ഐസൊലേഷനിൽ കഴിയുന്നവർക്ക് വേണ്ട സഹായത്തിന് വളണ്ടിയർ മാരെ സജ്ജമാക്കിയെന്നും മന്ത്രി അറിയിച്ചു. 

വണ്ടൂർ കരുവാരക്കുണ്ട് മേഖലയിൽ ഫീവർ ക്ലിനിക് സജ്ജീകരിക്കും. മൃഗ സംരക്ഷണ വകുപ്പ് മേഖലയിൽ നിന്നും മൃഗങ്ങളുടെ സാമ്പിൾ ശേഖരിക്കും. ഹൈ റിസ്കിൽ പെട്ട രണ്ടു പേർക്ക് പനി ബാധിച്ചിട്ടുണ്ട്. അവർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അവരിൽ ഒരാൾക്ക് വൈറൽ ഫീവർ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. നിപ ബാധിച്ച കുട്ടിക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് ഒരുക്കാൻ വൈകിയെന്ന പരാതി പരിശോധിക്കും. ആശയ വിനിമയത്തിൽ പ്രശ്നമുണ്ടായിട്ടുണ്ടോ എന്ന് നോക്കണമെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ് വിശദമാക്കി.  

Leave a Comment

Your email address will not be published. Required fields are marked *