വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍മി സംഘത്തെ നിയോഗിച്ചതായി കേന്ദ്രം. രക്ഷാപ്രവര്‍ത്തനത്തിനായി 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ ദുരന്ത മേഖലയിലേക്കെത്തും. കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും എത്തും. കൂടാതെ നേവി സംഘവും വയനാട്ടിലേക്ക് എത്തും. രക്ഷാപ്രവര്‍ത്തനത്തിനായി ഏഴിമലയില്‍ നിന്നാണ് നാവിക സേനാ സംഘം എത്തുക.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യര്‍ത്ഥിച്ചത്. നേവിയുടെ റിവര്‍ ക്രോസിംഗ് ടീമിന്റെ സഹായം ആണ് അഭ്യര്‍ത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും. ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്. ഏറ്റവും ഒടുലില്‍ ലഭിച്ച വിവരം അനുസരിച്ച് 58 പേരാണ് മരിച്ചത്. മണ്ണിനടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരങ്ങള്‍.