രാജ്യത്തിന്റെയാകെ ദുഃഖമായി മാറിയ വയനാട് മുണ്ടക്കൈ ദുരന്തമേഖലയില്‍ നിലവില്‍ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തല്‍. മുണ്ടക്കൈ,പുഞ്ചിരിമട്ടം എന്നിവടങ്ങളില്‍ തെര്‍മല്‍ ഇമേജിംഗ് പരിശോധനയിലാണ് സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിരിക്കുന്നത്. ദുരന്തമേഖലയില്‍ നിന്ന് ജീവനുള്ള എല്ലാവരേയും രക്ഷിച്ചെന്ന സൈന്യത്തിന്റേയും സര്‍ക്കാരിന്റെയും പ്രതികരണം ശരിവയ്ക്കും വിധത്തിലാണ് കണ്ടെത്തല്‍. കൊച്ചിയിലെ ഏജന്‍സിയാണ് ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ഡ്രോണ്‍ പരിശോധന നടത്തിയത്. തെര്‍മല്‍ ഇമേജിംഗ് പരിശോധന റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് കൈമാറി.
മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പ്രഭവസ്ഥാനം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഐഎസ്ആര്‍ഒയും പുറത്തുവിട്ടിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 1550 മീറ്റര്‍ ഉയരത്തിലാണ് ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം. പാറക്കെട്ടുകള്‍ ഉള്‍പ്പെടെ വെള്ളം ഒഴുകിയെത്തിയത് എട്ട് കിലോമീറ്റര്‍ ദൂരത്തിലാണ്. ദുരന്തമേഖല 86000 ചതുരശ്ര മീറ്റര്‍ വരും. റഡാര്‍ സാറ്റ്‌ലൈറ്റ് ചിത്രങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്.
ആറ് സോണുകളിലാണ് ഇന്നത്തെ തിരച്ചില്‍ നടക്കുന്നത്. അട്ടമല-ആറന്‍മല പ്രദേശമാണ് ആദ്യ സോണ്‍. മുണ്ടക്കൈ സോണ്‍ രണ്ടും പുഞ്ചിരിമട്ടം സോണ്‍ മൂന്നുമാണ്. വെള്ളാര്‍മല വില്ലേജ് റോഡ് നാലാം സോണാണ്. ജിവിഎച്ച്എസ്എസ് വെള്ളാര്‍മലയാണ് അഞ്ചാം സോണ്‍. ചൂരല്‍മല പുഴയുടെ അടിവാരത്തെ സോണ്‍ ആറായും തിരിച്ചിട്ടുണ്ട്. സൈന്യം ചൂരല്‍മലയില്‍ ഇതിനോടകം എത്തിച്ചേര്‍ന്നിട്ടുണ്ട്.