Hivision Channel

വയനാട് ദുരന്തം: അതിജീവിച്ചവരുടെ മാനസികാരോഗ്യം ഉറപ്പിക്കാന്‍ 121 അംഗ ടീം; ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ സേവനങ്ങള്‍

വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂലൈ 30ന് തന്നെ ആരോഗ്യ വകുപ്പ് ജില്ലയില്‍ മാനസികാരോഗ്യ ദുരന്ത നിവാരണ ടീം രൂപീകരിക്കുകയുണ്ടായി. മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ ജില്ലയില്‍ ദുരന്തവുമായി ബന്ധപ്പെട്ട മുഴുവന്‍ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് പ്രത്യേകമായി നല്‍കുന്ന ഐഡി കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദമുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും, മാനസികാരോഗ്യ ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിച്ച് മാനസികാരോഗ്യ സേവനങ്ങള്‍ ഈ ടീം ഉറപ്പാക്കുന്നു. ഇതില്‍ സൈക്ക്യാട്രിസ്റ്റിന്റെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, സൈക്ക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന 121 അംഗീകൃത മാനസികാരോഗ്യ പ്രവര്‍ത്തകരേയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദുരന്തബാധിതരെ കേള്‍ക്കുവാനും അവര്‍ക്ക് ആശ്വാസം പകരുവാനുമാണ് ഇപ്പോള്‍ പ്രവര്‍ത്തകര്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഇതില്‍തന്നെ കുട്ടികളുടെയും പ്രായമായവരുടെയും, ഗര്‍ഭിണികളുടെയും പ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി വരുന്നുണ്ട്.

ദുരന്തം കാരണമുണ്ടായ മാനസികാഘാതത്തിന്റെ ലക്ഷണങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞും പ്രത്യക്ഷപെടാം എന്നുള്ളതുകൊണ്ടും, ഉല്‍കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങള്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കാം എന്നുള്ളതുകൊണ്ടും മാനസിക സാമൂഹിക ഇടപെടലുകള്‍ ഊര്‍ജിതമായി നിലനിര്‍ത്തുവാന്‍ സമഗ്രമായ മാനസികാരോഗ്യ പദ്ധതിയാണ് വയനാട്ടില്‍ ദുരന്ത ബാധിത മേഖലയില്‍ ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്നത്.

ഇതിനോടൊപ്പം മാനസിക അസ്വാസ്ഥ്യം ഉള്ളവരെയും, മാനസിക രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരെയും കണ്ടെത്തി ചികിത്സ മുടങ്ങാതെ നല്‍കുവാനും ടീമുകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. മദ്യം/ലഹരി ഉപയോഗത്തിന്റെ ‘വിത്ത്ഡ്രോവല്‍’ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി പ്രത്യേകം ചികിത്സയും നല്‍കി വരുന്നു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്‍, മറ്റ് റെസ്‌ക്യൂ മിഷന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള മാനസിക സമ്മര്‍ദ നിവാരണ ഇടപെടലുകളും ഈ ടീം നല്‍കുന്നതാണ്.

ഇതുകൂടാതെ ‘ടെലി മനസ്സ്’ 14416 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെ 24 മണിക്കൂറും മാനസിക പ്രശ്നങ്ങള്‍ക്കും, വിഷമങ്ങള്‍ക്കും സംശയ നിവാരണങ്ങള്‍ക്കും സേവനം ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *