Hivision Channel

മൂന്ന് ദിവസത്തേക്ക് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും; 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മൂന്ന് ദിവസത്തേക്ക് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ആഗസ്റ്റ് 4 വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുകയാണ്. പശ്ചിമ ബംഗാളിനും ജാര്‍ഖണ്ഡിനും മുകളിലായി ന്യൂന മര്‍ദ്ദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായാണ് ആഗസ്റ്റ് 2, 3 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അതേസമയം, നദികളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. മൂന്ന് സ്റ്റേഷനുകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. തൃശ്ശൂര്‍ ജില്ലയിലെകരുവന്നൂര്‍ (പാലകടവ് സ്റ്റേഷന്‍), ഗായത്രി (കൊണ്ടാഴി സ്റ്റേഷന്‍), കീച്ചേരി (കോട്ടപ്പുറം സ്റ്റേഷന്‍) എന്നീ നദികളിലാണ് കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നദികളുടെ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്നും നദീതീരങ്ങളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്നും ആളുകള്‍ മാറണമെന്നാണ് നിര്‍ദേശം. ജലാശയങ്ങളില്‍ ഇറങ്ങരുത്. മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *