Hivision Channel

സംസ്ഥാനത്ത് ശക്തമായ മഴയക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട് ഇതിന്റെ ഫലമായാണ് കേരളത്തില്‍ മഴ കനക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.9 മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തമിഴ്നാട് തീരത്ത് നാളെ രാത്രി 11.30 വരെ 2.1 മുതല്‍ 2.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്ന് നിര്‍ദേശം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *