ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘സ്വപ്നങ്ങള്‍ തകര്‍ന്നു, ഇനി മത്സരിക്കാന്‍ കരുത്ത് ബാക്കിയില്ല, ഗുഡ്ബൈ റസ്ലിങ്’, എന്നാണ് സമൂഹ മാധ്യമത്തില്‍ പങ്കിട്ട വിരമിക്കല്‍ പോസ്റ്റില്‍ വിനേഷ് ഫോഗട്ട് കുറിച്ചിരിക്കുന്നത്. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നല്കിയ അപ്പീലില്‍ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം.
ഒളിമ്പിക്സില്‍ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് തലവന്‍ നെനാദ് ലലോവിച് പറഞ്ഞിരുന്നു. 50 കിലോ ഗ്രാം വനിതാ ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനലിനു തൊട്ടുമുന്‍പ് വിനേഷ് ഫോഗട്ടിനെ മത്സരത്തില്‍നിന്ന് അയോഗ്യയാക്കിയതു സങ്കടപ്പെടുത്തുന്ന കാര്യമാണെങ്കിലും ഇക്കാര്യത്തില്‍ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നാണ് ലലോവിച്ചിന്റെ നിലപാട്.
ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിന് മുന്‍പ് അയോഗ്യയാക്കിയ നടപടി ഇന്ത്യക്ക് കടുത്ത ആഘാതമായിരുന്നു. 50 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന വിനേഷിന്റെ ശരീരഭാരം 100 ഗ്രാം കൂടുതലാണെന്നു പറഞ്ഞാണ് മത്സരത്തില്‍നിന്നു വിലക്കിയത്.