ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ വയനാട് ചൂരല്‍ മലയിലും മുണ്ടക്കയിലും ഇന്നും തുടരും. നിലവില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 403 ആയി. ഇന്നലെ വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹങ്ങള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രത്യേകം മാര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍ പരിശോധനകള്‍ തുടരാനാണ് തീരുമാനം.
സൈന്യത്തിന്റെ കഡാവര്‍ നായ്ക്കളുടെ സഹായത്തോടെ മുന്‍പ് തിരച്ചില്‍ നടത്താത്ത സ്ഥലങ്ങളില്‍ കൂടി പരിശോധനകള്‍ നടക്കും . ദുരന്ത പ്രദേശത്ത് നാശനഷ്ടം സംഭവിച്ച വസ്തുവകകളുടെ കണക്കെടുപ്പും തുടങ്ങിയിട്ടുണ്ട്. അതേസമയം ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി എത്തുന്നതോടുകൂടി വയനാടിന് പ്രത്യേക സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതിനിടെ വയനാട് ഉരുള്‍പൊട്ടലിന് ഇരയായ മുഴുവന്‍ കുടുംബങ്ങളുടെയും പുനരധിവാസം സര്‍ക്കാര്‍ സാധ്യമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ക്യാമ്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവര്‍ ഉള്‍പ്പെടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സഹായം ലഭ്യമാക്കും. പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ ദുരിതാശ്വാസ ക്യാംപുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന രീതിയില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ക്യാമ്പുകളില്‍ ആരൊക്കെ കഴിയുന്നുവെന്നു നോക്കിയല്ല, ഉരുള്‍പൊട്ടല്‍ ദുരിതം വിതച്ച പ്രദേശങ്ങളില്‍ നിന്നുള്ള കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പുനരധിവാസ പാക്കേജ് തയ്യാറാക്കുകയെന്നും മന്ത്രി അറിയിച്ചിരുന്നു.