Hivision Channel

വയനാട്ടില്‍ നിന്നും സൈന്യം മടങ്ങുന്നു; യാത്രയയപ്പ് നല്‍കാന്‍ സര്‍ക്കാര്‍

പത്തുനാള്‍ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നും സൈന്യം മടങ്ങുന്നു. സൈന്യത്തിന് സര്‍ക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നല്‍കും. സൈന്യത്തിന്റെ എല്ലാ സംഘങ്ങളും മടങ്ങും. എന്നാല്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നീ സേനകള്‍ക്ക് കൈമാറിയെന്നും സൈന്യം അറിയിച്ചു.

500 അംഗ സംഘമാണ് മടങ്ങുന്നത്. അതേസമയം, താല്‍ക്കാലികമായി നിര്‍മ്മിച്ച ബെയ്ലി പാലം മെയ്ന്റനന്‍സ് ടീം പ്രദേശത്ത് തുടരും. ഹെലികോപ്റ്റര്‍ സെര്‍ച്ച് ടീമും അടുത്ത നിര്‍ദേശം വരുന്നത് വരെ തുടരുമെന്നും സൈന്യം അറിയിച്ചു. ബാക്കി ഉള്ളവരാണ് മടങ്ങുക. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, ബെംഗളുരു എന്നിവിടങ്ങളില്‍ നിന്നുള്ള ബറ്റാലിയന്‍ അംഗങ്ങളാണ് മടങ്ങുന്നത്.

അതേസമയം, ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഇന്ന് വയനാട്ടിലെത്തും. ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകള്‍ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *