സംസ്ഥാനത്ത് ഓഗസ്റ്റ് 15 വരെ മഴ മാറി നില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധരണയെക്കാള്‍ കുറഞ്ഞ അളവിലായിരിക്കും മഴ ലഭിക്കുക. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ലെങ്കിലും, ചിലയിടങ്ങളില്‍ നേരിയ രീതിയില്‍ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.
നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മറ്റന്നാള്‍ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്.
കേരള തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളകടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കുക.
അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. ഉത്തരാഖണ്ഡിലും മഹാരാഷ്ട്രയിലും ഓറഞ്ച് അലര്‍ട്ടാണ്. ഹിമാചലില്‍ ദുരിതബാധിത മേഖലകളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയില്‍ നദികളില്‍ ജലനിരപ്പ് വര്‍ധിച്ചു.അസമിലും ഉത്തര്‍പ്രദേശിലും മഴ കനത്തതോടെ വിവിധങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടായി. ശനിയാഴ്ച വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.